സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം. സര്‍വീസ്രംഗത്തെ കാര്യക്ഷമതയ്ക്ക് മുതല്‍ക്കൂട്ടാകുന്ന കെഎഎസ് വിജ്ഞാപനം പുറത്തിറക്കിയും ശമ്പളപരിഷ്‌കരണ കമീഷനെ നിയോഗിച്ചുമാണ് കേരളപ്പിറവിദിനം കടന്നുപോയത്. വിവാദച്ചുഴിയില്‍പ്പെടുത്തി സംസ്ഥാനത്തെ കലുഷിതമാക്കാനുള്ള കുത്സിതനീക്കങ്ങള്‍ക്ക് ഈ ചുവടുവയ്പ് തന്നെയാണ് സര്‍ക്കാരിന്റെ മറുപടി.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസും(കെഎഎസ്) സംവരണമില്ലാത്ത സമുദായങ്ങളിലെ പിന്നോക്കക്കാര്‍ക്ക് നിശ്ചിതശതമാനം സംവരണവും എല്‍ഡിഎഫ് പ്രകടനപത്രികയിലെ ഇനങ്ങളായിരുന്നു. അധികാരമേറ്റ വേളയില്‍ത്തന്നെ തുടക്കമിട്ടെങ്കിലും ഒന്നൊന്നായി കുരുക്കുകള്‍ വീഴാന്‍ തുടങ്ങി.

കേരള ബാങ്ക്, കിഫ്ബി, ട്രാന്‍സ്ഗ്രിഡ് തുടങ്ങിയ പദ്ധതികള്‍ക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരും യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും കെഎഎസിനെതിരെ നിലയുറപ്പിച്ചു. സംവരണത്തിന്റെ പേരില്‍ നിയമക്കുരുക്കില്‍പ്പെടുത്താനും ശ്രമം നടന്നു.