കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ കോടതി വിധി പി.ജെ ജോസഫിന് തിരിച്ചടിയാണെന്ന ജോസ് കെ മാണിയുടെ വാദം തെറ്റെന്നാണ് വിധിപ്പകര്‍പ്പ് വ്യക്തമാക്കുന്നത്. സ്വന്തം അഭിഭാഷകന്റെ വാദമാണ് കഴിഞ്ഞ ദിവസം കോടതി വിധിയായി ജോസ് കെ മാണി അവതരിപ്പിച്ചത്.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കുന്ന വിധി പകര്‍പ്പില്‍ പിജെ ജോസഫിന്റെ അധികാരങ്ങള്‍ നീക്കിയതായി ഒരിടത്തും പരാമര്‍ശമില്ല. എന്നാല്‍ സമാന്തര സംസ്ഥാന കമ്മറ്റിയിലൂടെ ജോസ് കെ മാണിയെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുത്ത നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

യോഗം വിളിച്ച കെ ഐ ആന്റണിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് തെളിവില്ലെന്നും അധികാരം ഇല്ലാത്തയാള്‍ വിളിച്ച യോഗം ഭരണഘടനാ വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വൈകാന്‍ പിജെ ജോസഫ് വിഭാഗം നടത്തിയ വാദങ്ങളും കോടതി അംഗീകരിച്ചു.

നിലവില്‍ സംസ്ഥാന കമ്മറ്റി വിളിക്കാന്‍ അധികാരം ജോസഫിനാണെന്നും കോടതി ഉത്തരവിലുണ്ട്. എന്നാല്‍ കോടതിവിധി വളച്ചൊടിച്ച ജോസ് കെ മാണി കള്ളപ്രചാരണം നടത്തുകയാണെന്ന ആരോപണവുമായി പി ജെ ജോസഫ് രംഗത്തെത്തി.

നിയമപരമായി പിജെ ജോസഫിന് മുന്‍തൂക്കം ലഭിച്ച സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇടപെടാനാണ് യു ഡി എഫ് തീരുമാനം. നെയ്യാറില്‍ ഈ മാസം 15ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ചിഹ്നവും പാര്‍ട്ടിയുടെ പേരും വിട്ടു നല്‍കണമെന്ന ജോസ് കെ മാണിയുടെ കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫിന് അയച്ച കത്തിന്റെ മറുപടി നല്‍കാനിരിക്കെ അതും മറ്റൊരു വിവാദത്തിന് വഴിയൊരുക്കും.