യുഎസ് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബഗ്ദാദിക്കും ഐഎസ് വക്താവിനും പകരം പുതിയ രണ്ടു പേരെ തിരഞ്ഞെടുത്തതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ഖുറൈഷിയായിരിക്കും ഇനി മുതല്‍ ഐഎസ് തലപ്പത്ത്. അബു ഹംസ അല്‍ഖുറൈഷിയാണ് ഭീകരസംഘടനയുടെ പുതിയ വക്താവെന്നും ഐഎസ് മാധ്യമ വിഭാഗമായ അല്‍ ഫര്‍ഖാന്‍ ഫൗണ്ടേഷന്‍ ടെലഗ്രാമിലൂടെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഒടുവില്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ ലോകം കൂടുതല്‍ സമാധാനപൂര്‍ണമായി എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ അംഗീകരിക്കാന്‍ അവര്‍ തയാറായിട്ടില്ല.2014 മുതല്‍ ഐഎസ് തലപ്പത്തുള്ള ബഗ്ദാദിയെ ഒക്ടോബര്‍ 26ന് സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്ലിബില്‍ നടന്ന പോരാട്ടത്തിലാണ് യുഎസ് സൈന്യം വകവരുത്തിയത്.