കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ജെഡിഎസ്‌ കൂട്ടുകക്ഷിസര്‍ക്കാരിനെ അട്ടിമറിച്ച കാലുമാറ്റങ്ങള്‍ക്ക്‌ കോപ്പുകൂട്ടിയത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്.

ഹൂബ്ലിയിൽ നടന്ന പാർട്ടി യോഗത്തിലാണ് സഖ്യസർക്കാറിനെ താഴെയിറക്കാൻ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടുവെന്ന് യെദിയൂരപ്പ തുറന്നുസമ്മതിച്ചത്.

അപ്രതീക്ഷിതമായി കോണ്‍ഗ്രസ്-ജെ ഡി എസ് എം എല്‍ എമാര്‍ നമ്മളെ സഹായിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും നമുക്ക് പ്രതിപക്ഷത്തിരിക്കേണ്ടി വന്നേനേ.

ഭരണകക്ഷിയാവാന്‍ നമ്മെ സഹായിച്ചത് അവരാണ്. എംഎല്‍എ സ്ഥാനം അവര്‍ രാജിവെച്ചു. 17 എംഎല്‍എമാര്‍ രണ്ടോ മൂന്നോ മാസത്തോളം തങ്ങളുടെ മണ്ഡലത്തിലേക്ക് പോവാതെ മുംബൈയില്‍ കഴിഞ്ഞു.

അവര്‍ക്ക് അവരുടെ കുടുംബത്തെ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതെല്ലാം അറിയുമെന്നിരിക്കെ ഇനിയെന്ത് വന്നാലും നമ്മള്‍ അവര്‍ക്കൊപ്പമാണ് നിലകൊള്ളേണ്ടത്.

താനല്ല, ദേശീയ അധ്യക്ഷനാണ് കാര്യങ്ങളെല്ലാം സജ്ജീകരിച്ചതും മേല്‍നോട്ടം വഹിച്ചതുമെന്നും യെദിയൂരപ്പ പറയുന്നു.

യെദിയൂരപ്പ പാർട്ടി യോഗത്തിലേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങളും പ്രസംഗത്തിന്‍റെ ശബ്ദസന്ദേശവുമാണ് പുറത്തുവന്നത്. ഉത്തരവാദിത്തമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ആപത്ഘട്ടത്തില്‍ സഹായിച്ച വിമത എംഎല്‍എമാരെ സഹായിക്കുകയാണ് വേണ്ടത്.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്തായാലും പാര്‍ട്ടിയുടെ താര്‍പര്യം മാനിച്ച് രാജിവെച്ച കോണ്‍ഗ്രസ്-ജെ ഡി എസ് എം.എൽ.എമാർക്കൊപ്പം നിൽക്കണമെന്നും യെദിയൂരപ്പ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ഓഡിയോ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട യെദിയൂരപ്പ ശബ്ദരേഖയുടെ ആധികാരികത ചോദ്യം ചെയ്തില്ല.

മറിച്ച് പാര്‍ട്ടി താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തകരോട് സംസാരിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞു. പുതിയ തെളിവുകളുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.