മാവോയിസ്റ്റ് ബന്ധം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പരിശോധിക്കും; സര്‍ക്കാരിന്റെ അനുമതിയോടെ മാത്രം കേസ് പ്രാബല്യത്തില്‍

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പരിശോധിക്കും.

സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ കേസ് പ്രാബല്യത്തില്‍ വരൂ. യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ ആറു യുഎപിഎ കേസുകള്‍ ഇടതുസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, അറസ്റ്റിലായ കണ്ണൂര്‍ സര്‍വകലാശാലയിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമവിദ്യാര്‍ത്ഥിയായ അലന്‍ ഷുഹൈബ്, മാധ്യമ വിദ്യാര്‍ത്ഥി താഹ ഫസല്‍ എന്നിവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുമെന്നും ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോഴിക്കോട് കോടതി വ്യക്തമാക്കി.

മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ തണ്ടര്‍ബോള്‍ട്ട് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

ഇതിനിടെ, വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി അശോക് യാദവ് അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടത്തുമെന്നും ഐജി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇവരെ ഐജി വിശദമായി ചോദ്യം ചെയ്തു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷമാണ് യുഎപിഎ ചുമത്താന്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News