നിപ പ്രതിരോധം മാതൃകാപരം; കേരളത്തിലെ ജെന്‍ഡര്‍ പാര്‍ക്കുകളുമായി സഹകരിക്കുമെന്നും നവീന്‍ പട്നായിക്

തിരുവനന്തപുരം: കേരളത്തിന്റെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്നും സംസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്ന ജെന്‍ഡര്‍ പാര്‍ക്കുമായി സഹകരിക്കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.

ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിന് കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. സ്‌കില്‍ മേഖലയില്‍ ജെന്‍ഡര്‍പാര്‍ക്കിന് എല്ലാ സഹായങ്ങളും നവീന്‍ പട്‌നായിക് വാഗ്ദാനം ചെയ്തു.

ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ നവീന്‍ പട്‌നായിക് ഇക്കാര്യം അറിയിച്ചത്‌. ഭുവനേശ്വറിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മന്ത്രി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തിയത്.

ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സുബ്രദോ ബഗ്ചിയുമായി മന്ത്രി കഴിഞ്ഞ ദിവസം ജെന്‍ഡര്‍ പാര്‍ക്കിനെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തില്‍ ഈ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒഡീഷ മുഖ്യമന്ത്രി അറിയാന്‍ താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങളെ ഒഡീഷ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ സൂചികയില്‍ ഒന്നാമതുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായി.

രാജ്യത്തിനാകെ മാതൃകയാണ് കേരളത്തിന്റെ നിപ പ്രതിരോധം. നിപ പ്രതിരോധത്തില്‍ മന്ത്രി കെ കെ ശൈലജയെ ഒഡീഷ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഒഡീഷയിലെ ധനകാര്യം, ആരോഗ്യം, വനിത ശിശുവികസനം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരുമായും മന്ത്രി ചര്‍ച്ച നടത്തി.

ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സുബ്രദോ ബഗ്ചി, ഒഡീഷ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ആര്‍ ബാലകൃഷ്ണന്‍, സംസ്ഥാന ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പിടിഎം സുനീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News