കോഴിക്കോട് കല്ലുത്താന്‍കടവിലെ ഫ്‌ലാറ്റ് സമുച്ചയം മുഖ്യമന്ത്രി, 128 കുടുംബങ്ങള്‍ക്ക് കൈമാറി. കല്ലുത്താന്‍ കടവ് അടക്കം നഗരത്തിലെ 3 ചേരി നിവാസികളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. വികസന മേഖലകളിന്‍ കേരളം രാജ്യത്ത് ഒന്നാമതെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചേരി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്‍പ്പറേഷനാണ് 7 നിലകളുള്ള ഫ്‌ളാറ്റ് നിര്‍മ്മിച്ചത്. കല്ലുത്താന്‍കടവ് കോളനിയിലെ 89 കുടുംബങ്ങള്‍, സത്രം കോളനിയിലെ 27, ധോബിഘാനയിലെ 13 കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 140 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള ഫ്‌ലാറ്റാണ് പൂര്‍ത്തിയായത്. ഫ്‌ലാറ്റിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ സംരംഭകരുടെ സഹായം തേടുന്നത് ഗുണകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കോളനി പൊളിച്ചുമാറ്റുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിച്ച്, പാളയം മാര്‍ക്കറ്റ് ഇവിടേക്ക് മാറ്റാനാണ് കോര്‍പറേഷന്‍ പദ്ധതി. ഇതിന്റെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജനപ്രതിനിധികളായ എം.കെ രാഘവന്‍, എ പ്രദീപ് കുമാര്‍, വി.കെ.സി മമ്മദ് കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.