കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ്ഷായുടെ സ്ഥാപനത്തിന്റെ വരുമാനം ആറ് വര്‍ഷത്തിനിടെ 150 മടങ്ങ് വര്‍ധിച്ചു. ജയ്ഷാ ഡയറക്ടറായ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി കോര്‍പറേറ്റ് മന്ത്രാലയത്തിന് സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ‘ദി കാരവന്‍’ മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്. രേഖകളില്‍ കമ്പനിയുടെ ബിസിനസ് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ബാങ്കുകള്‍ അടക്കമുള്ള ഏജന്‍സികളില്‍നിന്ന് കമ്പനിക്ക് വന്‍തോതില്‍ വായ്പ ലഭിച്ചു.

2013–14 സാമ്പത്തിക വര്‍ഷം 79.6 ലക്ഷമായിരുന്നു വരുമാനം 2018–19ല്‍ 119.61 കോടി വര്‍ധിച്ചു. സ്ഥാപനത്തിന്റെ മൊത്തം മൂല്യം 2015ല്‍ 1.21 കോടിയായിരുന്നത് 2019ല്‍ 25.83 കോടിയായി. ആസ്തികളില്‍നിന്ന് ബാധ്യത നീക്കിയാല്‍ കിട്ടുന്നതാണ് മൂല്യം. 2015ല്‍ 51.74 ലക്ഷമായിരുന്ന നിശ്ചിത ആസ്തി 2019ല്‍ 23.25 കോടിയായി. പണം, ഓഹരിനിക്ഷേപം എന്നിവയടക്കം ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആസ്തി 2015ല്‍ 37.80 ലക്ഷമായിരുന്നത് 2019ല്‍ 33.43 കോടിയായി.

2013ലാണ് കുസും ഫിന്‍സെര്‍വ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പരിമിത ബാധ്യത പങ്കാളിത്ത സ്ഥാപനമായി (എല്‍എല്‍പി). ഏതെങ്കിലും ഡയറക്ടറുടെ തെറ്റായ പ്രവൃത്തികള്‍ക്ക് മറ്റുള്ളവര്‍ ബാധ്യത ഏല്‍ക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 2017, 2018 ലെ കണക്കുകള്‍ യഥാസമയം സമര്‍പ്പിച്ചിരുന്നില്ല.

എന്നിട്ടും കണക്ക് നല്‍കാത്ത കമ്പനികള്‍ക്കെതിരായ നടപടികളില്‍നിന്ന് കുസുംഫിന്‍സെര്‍വിനെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ജയ്ഷായുടെ മറ്റൊരു സ്ഥാപനമായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 2016ല്‍ വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ധന നേടി.

ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് അസാധാരണ വളര്‍ച്ച ചര്‍ച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് രേഖകള്‍ സമര്‍പ്പിക്കാതിരുന്നത്. ഓരോ വര്‍ഷവും ഒക്ടോബര്‍ 30 നകമാണ് കണക്ക് സമര്‍പ്പിക്കേണ്ടത്.