ആര്‍സിഇപി കരാറില്‍ തിരക്കിട്ട് ഒപ്പുവയ്ക്കരുതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരാര്‍ ബാധിക്കുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായും സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്താതെ മുന്നോട്ടുപോകുകയാണ് ബിജെപി സര്‍ക്കാര്‍.

പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ രഹസ്യാത്മകവും ജനാധിപത്യവിരുദ്ധവുമായ സമീപനം അങ്ങേയറ്റം അപലപനീയമാണ്. കരാറിനെതിരെ കര്‍ഷകസംഘടനകള്‍ തിങ്കളാഴ്ച സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും പിബി അറിയിച്ചു.

ഈ സ്വതന്ത്രവ്യാപാരകരാറില്‍ ഒപ്പിടുന്നത് ഇന്ത്യയുടെ ഉല്‍പ്പാദന, കാര്‍ഷിക മേഖലകളെ ദോഷകരമായി ബാധിക്കും. വ്യാപാരകമ്മി പെരുകും. തൊഴില്‍രംഗത്തും ജനജീവിതത്തിലും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും.

ഇന്ത്യന്‍ സമ്പദ്ഘടന തുറന്നുകൊടുത്ത മുന്‍ സര്‍ക്കാരുകളുടെ അപക്വനടപടി വ്യാപാരകമ്മി കുത്തനെ ഉയരാന്‍ കാരണമായി. നിലവില്‍ 18,400 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാരകമ്മി. ആര്‍സിഇപി അംഗരാജ്യങ്ങളുമായി വ്യാപാരകമ്മി നിലനില്‍ക്കുന്നതിനാല്‍ കരാര്‍ വന്നാല്‍സ്ഥിതി കൂടുതല്‍ വഷളാകും.

രാജ്യത്തെ ഉല്‍പ്പാദനമേഖല മാന്ദ്യത്തിലാണ്. ഗ്രാമീണമേഖലയില്‍ തകര്‍ച്ച തുടരുന്നു. ഈ സാഹചര്യത്തില്‍ ആര്‍സിഇപികരാര്‍ പ്രകാരം ഇറക്കുമതി ത്തീരുവകള്‍ ഇല്ലാതാക്കുകയും നിക്ഷേപം, ബൗദ്ധികസ്വത്തവകാശം, ഇ–കൊമേഴ്സ് എന്നീ മേഖലകളില്‍ ഉറപ്പുകള്‍ നല്‍കുകയും ചെയ്യുന്നത് ഉല്‍പ്പാദന, കാര്‍ഷികമേഖലകളിലെ മാന്ദ്യം നേരിടാന്‍ സര്‍ക്കാരിനുള്ള ശേഷി പരിമിതപ്പെടുത്തും. കരാറിന്റെ കരട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കണമെന്നും പിബി ആവശ്യപ്പെട്ടു.