തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്നും അറസ്റ്റിലായവര്‍ക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

എല്‍ഡിഎഫ് യുഎപിഎക്ക് എതിരാണ്. പരിശോധനയ്ക്ക് ജഡ്ജിയെ നിയോഗിച്ചത് സര്‍ക്കാര്‍ ജാഗ്രതയുടെ ഭാഗമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ജനാധിപത്യ പ്രക്രിയയില്‍ പൗരന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റമാണ് യുഎപിഎ നിയമത്തിലൂടെ സംഭവിക്കുന്നത്.

നിലവിലുള്ള നിയമസംവിധാനത്തെ ഭേദഗതി വരുത്തി ബിജെപി സര്‍ക്കാര്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ പൗരാവകാശ ലംഘനങ്ങള്‍ സംഭവിക്കും. കേരളത്തില്‍ യുഎപിഎയോടുള്ള എതിര്‍ സമീപനം തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ച് പോന്നിട്ടുള്ളത്.

പൗരാവകാശ ലംഘനങ്ങള്‍ നടക്കരുത് എന്ന ജാഗ്രതയുടെ അടിസ്ഥാനത്തിലാണ് റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. കേരളത്തിലെ സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യത്യസ്തമായ സംഭവമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. പൊലീസാണ് ആ നിലപാട് സ്വീകരിച്ചിട്ടുള്ളത്.

അറസ്റ്റ് ചെയ്തവര്‍ക്ക് നേരെ യുഎപിഎ ചുമത്താതിരിക്കാനുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. സര്‍ക്കാര്‍ ആ നിലയിലാണ് നീങ്ങുന്നത് എന്നാണ് മനസിലാക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം പ്രോത്സാഹിക്കപ്പെടേണ്ടതല്ല. അത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല. ജനാധിപത്യ രാഷ്ട്രീയ ശൈലിയുടെ ഭാഗവുമല്ലത്. പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അക്രമങ്ങുടെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റ് ഏറ്റുമുട്ടലും യുഎപിഎ ചുമത്തപ്പെട്ടതും രണ്ട് സംഭവമാണ്.

യുഎപിഎ ചുമത്തപ്പെട്ട സംഭവത്തില്‍ അലനും താഹയ്ക്കുമൊപ്പമാണ് സിപിഐഎം. പൊലീസിന് തെറ്റുപറ്റിയോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും.

പൊലീസ് സിപിഐഎം നയത്തെക്കുറിച്ച് ബോധവാനാകണമെന്നില്ല. അങ്ങനെ വരുമ്പോള്‍ അവരെ തിരുത്താനുള്ള പരിശ്രമം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

യുഎപിഎ ചുമത്തിയത് പിന്‍വലിക്കുന്നത് ഇടത് സര്‍ക്കാര്‍ ആയതിനാലാണ്. ഐപിസി, സിആര്‍പിസി ക്രമിനല്‍ നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് യുഎപിഎ. ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കൂടുതല്‍ വിഷമങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലാണ് യുഎപിഎ നിയമസംഹിത കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ളത്. ബോംബെ അക്രമത്തിന്റെ മറവിലുണ്ടാക്കിയ നിയമമാണത്.

യുഎപിഎ നിയമത്തില്‍ കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ച നിലപാടുണ്ട്. ആ നിലാപാടുകളോട് വിയോജിച്ച നിലപാടാണ് സിപിഐഎമ്മിന്റെത്.

ഇടതുപക്ഷത്തിന് ഇതില്‍ സുവ്യക്തമായ കാഴ്ചപ്പാടുണ്ട്. ജനപക്ഷത്ത് നില്‍ക്കുകയും പൗരാവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടാണിതെന്നും എ വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു.