ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ ബാലതാരമായി എത്തി; ഇനി ‘ധമാക്ക’യില്‍ നായകനായി തിളങ്ങാന്‍ അരുണ്‍ കുമാര്‍

ഇരുപത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഒളിമ്പ്യന്‍ അന്തോണിആദം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷക ശ്രദ്ധ നേടിയ അരുണ്‍ കുമാര്‍ നായകനാവുന്നു. ഒരു അഡാറ് ലവിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’യിലൂടെയാണ് അരുണ്‍ നായകനാവുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസക്, മീശ മാധവനിലെ കുട്ടി മാധവന്‍ എന്നീ കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്.

”അരുണിന്റെ ഇത്രവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ കൊച്ചുവേഷങ്ങള്‍ കുറച്ചൊക്കെ ചെയ്‌തെങ്കിലും, ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല. അഡാറ് ലവില്‍ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരവും അരുണില്‍ നിന്ന് മാറിയകന്നുപോയി.

ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോള്‍ കിട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോര്‍ട്ട് കൂടെ ഉണ്ടാവണം. ധമാക്കയിലെ മറ്റു താരങ്ങള്‍ ആരൊക്കെയെന്നത് പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും,” സംവിധായകന്‍ ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിക്കി ഗല്‍റാണിയാണ് ധമാക്കയിലെ നായിക. കൂടാതെ മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവംബര്‍ 28നു ചിത്രം തിയേറ്ററുകളില്‍ എത്തും.

ഗോപി സുന്ദറാണ് ധമാക്കയുടെ സംഗീതം ഒരുക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News