തിരുവനന്തപുരം: കോഴിക്കോട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയ നടപടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്.

കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസ്സാക്കുമ്പോള്‍ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ട്ടി സിപിഐഎം ആയിരുന്നു. ഈ സംഭവത്തിലാകട്ടെ യുഎപിഎ ചുമത്താനിടയായത് സംബന്ധിച്ച് പൊലീസ് അധികൃതരില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുള്ളതാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊലീസ് യുഎപിഎ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്.

എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിയ്ക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.