‘ബ്രസീലിലെ ആമസോണ്‍ വനങ്ങളുടെ സംരക്ഷകനായ പൗലോ പൗലിനോ കൊല്ലപ്പെട്ടു. വനത്തിനുള്ളില്‍ അതിക്രമച്ചു കടന്നവരുടെ വെടിയേറ്റാണ് പൗലിനോ കൊല്ലപ്പെട്ടത്.

ആമസോണ്‍ മഴക്കാടുകളുടെ കാവലാളായ പൗലിനോയുടെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത് ഒരു ജനതയുടെ ശബ്ദവും ആ ജനത പ്രകൃതിക്കൊരുക്കിയ കവചവുമാണ്.

ബ്രസീലിലെ ഗോത്രവിഭാഗമായ ഇരുപതിനായിരത്തോളം ജനസംഖ്യയുള്ള ഗ്വാജ്ജരാസ് എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ.

ഇവര്‍ 2012 ല്‍ പ്രകൃതി നശീകരണം ചെറുക്കാനായി രൂപീകരിച്ച കൂട്ടായ്മ ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് ആയിരുന്നു ആമസോണിന്റെ കാവല്‍ക്കാരായി നിലനിന്നത്.

ഇന്റിജിനസ് പീപ്പിള്‍സ് അസോസിയേഷന്റെ അറിയിപ്പ് പ്രകാരം മരനാവോ സംസ്ഥാനത്തെ അറാറിബോയ് ഇന്റീജിനസ് ഏരിയയില്‍ വച്ചാണ് പൗലോ പൗലിനോയ്ക്ക് വെടിയേറ്റത്.

സഹപ്രവര്‍ത്തകനായ ലേര്‍സിയോ ഗ്വജരാസിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രസീല്‍ പൊലീസ് ശക്തമായ അന്വേഷണത്തിലൂടെ കൊലപാതകികളെ വെളിച്ചത്ത് കൊണ്ടുവരുമെന്ന് നിയമമന്ത്രി സെര്‍ജിയോ മോറോ പറഞ്ഞു.

ആമസോണ്‍ വനങ്ങളുടെയും വനസമ്പത്തുകളുടെയും സംരക്ഷണത്തിനായി 2012 ലാണ് ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് രൂപീകരിക്കപ്പെടുന്നത്.

വനത്തിലൂടെയുള്ള പട്രോളിങ്ങിനിടെ ആമസോണ്‍ കാടുകളില്‍ അതിക്രമിച്ച് വനസമ്പത്ത് കൊള്ളയടിക്കുന്ന നിരവധി സംഘങ്ങളെ ഇവര്‍ പിടികൂടിയിട്ടുണ്ട് ഇതുകൊണ്ട് തന്നെ ഇവര്‍ക്ക് ശത്രുക്കളും ഏറെയായിരുന്നു.