കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയായി.
ഷാര്‍ജ പുസ്തകമേളയുടെ നാലാം ദിനത്തില്‍ ആണ് ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് അശ്വമേധം പരിപാടി അവതരിപ്പിച്ചത് . ഷാര്‍ജ പുസ്തകോത്സവ വേദിയിലെ ബാള്‍ റൂമില്‍ നടന്ന അശ്വമേധം പരിപാടിയില്‍ ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് തന്റെ പ്രശസ്തമായ റിവേഴ്‌സ് ക്വിസ് അവതരിപ്പിച്ചു.

ഈ ലോകം ജയിച്ചവരേക്കാള്‍ തോറ്റുപോയവരാണ് കൂടുതല്‍ മനോഹരമാക്കിയതെന്ന് ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ്. പറഞ്ഞു. ഗ്രാന്റ് മാസ്റ്റര്‍ ചോദിച്ച പ്രാഥമികചോദ്യങ്ങള്‍ക്ക് സദസ്സില്‍ നിന്ന് ഉത്തരം പറഞ്ഞവരെയാണ് അശ്വമേധത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചത്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ,ഡോ. എം.കെ. മുനീര്‍ എം എല്‍ എ , എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജോ ആന്റണി, ഡോക്ടര്‍ അനസ് അബ്ദുള്‍ മജീദ് എന്നിവര്‍ അശ്വമേധത്തില്‍ പാനലിസ്റ്റുകള്‍ ആയി എത്തി.

കവിതാശകലങ്ങളും, പ്രേക്ഷകരുമായുള്ള തന്റെ സ്വതസിദ്ധമായ സംവാദങ്ങളും കൊണ്ട് ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് അശ്വമേധം അവിസ്മരണീയമാക്കി. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ പുസ്തകോത്സവത്തിലെ ഔദ്യോഗിക പരിപാടികളില്‍ ഒന്നായാണ് അശ്വമേധം അരങ്ങേറിയത്. വിവിധ ഭാഷക്കാരും അശ്വമേധത്തില്‍ പങ്കെടുത്തു.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ആദരിക്കപ്പെടുന്നത്. മലയാളികള്‍ ഏറെ പങ്കെടുക്കുന്ന ഷാര്‍ജ പുസ്തകൊല്‍സവത്തിലെ പ്രധാന പരിപാടികളില്‍ ഒന്നായാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് അവതരിപ്പിച്ച അശ്വമേധം അരങ്ങേറിയത്