കേരളം സ്വന്തം ബാങ്കിലേക്ക് നീങ്ങുകയാണ്; സഹകരണ ബാങ്കുകള്‍ക്ക് വളരാനുള്ള വലിയ അവസരമാണ് കേരള ബാങ്കിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മന്ത്രിയുടെ ലേഖനം പൂര്‍ണ്ണരൂപത്തില്‍:

സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കാണ് കേരള സഹകരണ ബാങ്ക് (കേരള ബാങ്ക്). ഏവര്‍ക്കും സുരക്ഷിതവും വിശ്വസനീയവുമായ ആധുനിക ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേരള ബാങ്കിന്റെ രൂപീകരണ ലക്ഷ്യം. ബാങ്കിങ് വ്യവസായം കടുത്ത മത്സരവും നിരവധി വെല്ലുവിളികളും നേരിടുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇന്നത്തെ നിലയില്‍ മുന്നോട്ടുപോകാനാകില്ല.

സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് സംസ്ഥാനതലത്തില്‍ ഒരു ബാങ്കിന് രൂപംനല്‍കുമെന്നത് ഈ സര്‍ക്കാരിന്റെ നയത്തിന്റ ഭാഗമാണ്. പദ്ധതി സമീപനരേഖയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഡോ. എം എസ് ശ്രീറാം അധ്യക്ഷനായുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

ലക്ഷ്യമിടുന്ന നേട്ടങ്ങള്‍

കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് വളരാനുള്ള വലിയ അവസരമാണ് കേരള ബാങ്കിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. സഹകരണബാങ്കിങ് മേഖലയുടെ ഏകോപനത്തിനും മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും നിലനില്‍പ്പ് ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. കാര്‍ഷിക-വ്യാവസായികരംഗത്ത് നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തിപകരും. ഗ്രാമീണ സമ്പാദ്യമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ പൂര്‍ണമായി നമ്മുടെ സംസ്ഥാനത്ത് വിനിയോഗിക്കാന്‍ കഴിയും. ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കാനും വായ്പാ പലിശനിരക്ക് കുറയ്ക്കുന്നതിനും മൈക്രോഫിനാന്‍സ് രംഗത്ത് കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതിനും കേരളബാങ്കിന്റെ വരവ് സഹായകമാകും.

കേരള ബാങ്കിലൂടെ കൂടുതല്‍ കാര്‍ഷികവായ്പ നല്‍കാന്‍ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍നിന്ന് കൂടുതല്‍ പുനര്‍വായ്പ ലഭിക്കും. ഇത് നമ്മുടെ ഉല്‍പ്പാദനമേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ജില്ലാ ബാങ്ക് എന്ന തലം ഒഴിവാകുന്നതോടെ നബാര്‍ഡില്‍നിന്ന് ലഭിക്കുന്ന പുനര്‍വായ്പ കര്‍ഷകര്‍ക്ക് നിലവിലെ പലിശനിരക്കില്‍നിന്നും കുറച്ചുനല്‍കാനാകും. കാര്‍ഷികേതര വായ്പകളുടെ പലിശനിരക്കും കുറയ്ക്കാന്‍ സാധിക്കും.

കേരള ബാങ്ക് വരുന്നതോടെ വായ്പ, നിക്ഷേപം എന്നിവ പലമടങ്ങ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വിദേശനിക്ഷേപം ശേഖരിക്കാന്‍ പ്രാപ്തി കൈവരിക്കുന്നതോടെ വിദേശനാണയ വിനിമയവും വ്യാപാരവും വര്‍ധിക്കും. പൊതു, സ്വകാര്യ മേഖല -ന്യൂ ജനറേഷന്‍ ബാങ്കുകള്‍ കൈയടക്കിവച്ചിരിക്കുന്ന എന്‍ആര്‍ഐ നിക്ഷേപത്തിന്റെ നല്ലൊരുപങ്ക് കേരള ബാങ്കിലേക്ക് വരുന്നതോടെ സഹകരണമേഖലയുടെ വായ്പാവിതരണശേഷിയില്‍ കുതിച്ചുചാട്ടമുണ്ടാകും.

സമ്പൂര്‍ണമായും സാങ്കേതികവിദ്യയിലൂന്നിയ ബാങ്കിങ് പ്രവര്‍ത്തനം സാധ്യമാകും. ഡിജിറ്റല്‍ ഇടപാടിന്റെയും മറ്റ് സര്‍വീസ് ചാര്‍ജുകളുടെയും പേരില്‍ പൊതുമേഖലാ- സ്വകാര്യ – ന്യൂജനറേഷന്‍ ബാങ്കുകളുടെ ചൂഷണവും അവസാനിപ്പിക്കാനാകും. സഹകരണ ബാങ്കിങ് മേഖല അതിനൂതന സാങ്കേതികമികവിലേക്ക് വരുമ്പോള്‍ ചെറുപ്പക്കാരായ ഉപയോക്താക്കളെ ഈ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കാനാകും.

ജില്ലാ സഹകരണബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതോടെ എല്ലാത്തരം ബാങ്കിങ് പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തുനടത്താന്‍ പ്രാപ്തിയുള്ള, റിസര്‍വ് ബാങ്ക് അനുമതിയുള്ള ദേശീയ/അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബാങ്കായി കേരള ബാങ്കിന് ഉയരാന്‍ കഴിയും. കേരള ബാങ്ക് നിലവില്‍ വരുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി അത് മാറും.

2019 ജൂണിലെ എസ്എല്‍ബിസി കണക്കുകള്‍പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കേരളത്തില്‍ 1216 ബ്രാഞ്ചാണ് ഉളളത്. 1.53 ലക്ഷം കോടിരൂപയുടെ നിക്ഷേപവുമുണ്ട്. എന്നാല്‍, ഈ നിക്ഷേപത്തിന്റെ പകുതിയിലധികവും എന്‍ആര്‍ഐ നിക്ഷേപമാണ്. കേരള ബാങ്കിന് തുടക്കത്തില്‍ 825 ബ്രാഞ്ച് ഉണ്ടാകും.നിലവില്‍- അറുപത്തയ്യായിരത്തിലധികം കോടിരൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ എന്‍ആര്‍ഐ നിക്ഷേപം നാമമാത്രമാണ്. എന്‍ആര്‍ഐ നിക്ഷേപമടക്കം സ്വീകരിക്കാന്‍ അനുമതി ലഭിക്കുകയും, പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ കേരള ബാങ്ക് സേവനം ഗ്രാമീണ ജനതയിലേക്ക് എത്തിക്കാന്‍ കഴിയുകയുംചെയ്യുന്ന മുറയ്ക്ക് കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുമെന്നതില്‍ സംശയമില്ല.

സംസ്ഥാന ജില്ലാ ബാങ്കുകള്‍ക്കുപുറമെ കേരളത്തില്‍ 1625 പ്രാഥമിക സംഘങ്ങളും 60 ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുമുണ്ട്. ഇവയാണ് കേരള ബാങ്കിന്റെ അംഗങ്ങള്‍ അല്ലെങ്കില്‍ ഓഹരി ഉടമകളായി മാറുക. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കുമായി നാലായിരത്തിഅഞ്ഞൂറിലധികം ബ്രാഞ്ചുകള്‍ ഉണ്ട്. ഒരു ലക്ഷംകോടി രൂപയിലധികം നിക്ഷേപമുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഉണ്ടാകുന്ന ബാങ്കിങ് നെറ്റ്വര്‍ക്ക് സംസ്ഥാനത്തിന്റെ ബാങ്കിങ് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമാകും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹകരണ ബാങ്കിങ് മേഖലയില്‍ ലോകത്തിനുമുമ്പില്‍ ഒരു മാതൃക സൃഷ്ടിക്കാന്‍ കേരള ബാങ്കിലൂടെ കഴിയും. ഡിജിറ്റല്‍ ഇന്ത്യ, സാമ്പത്തിക സാക്ഷരത തുടങ്ങിയ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നതിന് ഇത് പ്രയോജനപ്പെടും. പ്രാദേശിക സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഉല്‍പ്പാദനപരവും ചലനാത്മകവുമാക്കുന്നുവെന്നത് നമ്മുടെ കമ്പോളത്തില്‍ ഉണര്‍വ് പ്രദാനംചെയ്യും. വികസന ലക്ഷ്യത്തിനനുസരിച്ച് സാമ്പത്തികപിന്തുണ നല്‍കാന്‍ സാധിക്കുമെന്നത് സംസ്ഥാനത്തിന് വലിയ വികസനപദ്ധതികള്‍ ഏറ്റെടുക്കാന്‍ ധൈര്യം നല്‍കും. കാര്യക്ഷമമായ ഭരണനിയന്ത്രണത്തിന് കേരള ബാങ്കിലൂടെ സാധിക്കും.

പ്രാഥമിക സഹകരണ സംഘങ്ങളുടെയും അര്‍ബന്‍ ബാങ്കുകളുടെയും പ്രതിനിധികള്‍ കേരള ബാങ്കിന്റെ ഭരണാധികാരികളാകും. സഹകരണ ജനാധിപത്യത്തിലൂന്നിയ വലിയ ഒരു ബാങ്ക് യാഥാര്‍ഥ്യമാകുന്നത് സഹകാരികള്‍ക്ക് അഭിമാനകരമാകുമെന്നതില്‍ തര്‍ക്കമില്ല. യുവതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും കേരള ബാങ്ക് വഴി സാധിക്കും. നാടിന്റെ വികസനത്തിന് ജനതയുടെ ബാങ്ക് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കേരള ബാങ്കിലൂടെ കഴിയും.

സഹകരണ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിക്കായിരിക്കും കേരള ബാങ്കിന്റെ നിയന്ത്രണം. പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് ജനറല്‍ വിഭാഗത്തില്‍ 10 അംഗങ്ങളും 10 വനിതാ അംഗങ്ങളും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍നിന്നുള്ള ഒരു അംഗവുംഅര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി ഒരു അംഗവും രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടര്‍മാരുംസഹകരണ സെക്രട്ടറി, രജിസ്ട്രാര്‍, നബാര്‍ഡ് സിജിഎം, കേരള ബാങ്ക് സിഇഒ എന്നീ 4 എക്സ് ഒഫിഷ്യോ അംഗങ്ങളുംകൂടി ഉള്‍പ്പെടുന്നതാകും കേരള ബാങ്ക് ഭരണസമിതി.

ആകെ 21 അംഗങ്ങളാണ് ഭരണസമിതിയില്‍ ഉണ്ടാകുക. കൂടാതെ, കേരള സഹകരണ നിയമപ്രകാരം രണ്ട് പ്രൊഫഷണല്‍ അംഗങ്ങളെ ഭരണസമിതിക്ക് കോ -ഓപ്റ്റ് ചെയ്യാവുന്നതാണ്. എന്നാല്‍, ഇവര്‍ക്ക് വോട്ടവകാശം ഉണ്ടാകില്ല. ആര്‍ബിഐയുടെ അന്തിമ അനുമതിയില്‍ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ ഭരണസമിതിയില്‍ വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരള സംസ്ഥാനത്തിന്റെ സുസ്ഥിരവികസനമാണ്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് സഹായകമായി ശക്തമായ സാമൂഹ്യ സാമ്പത്തിക സ്ഥാപനങ്ങള്‍ അനിവാര്യമാണ്. സര്‍ക്കാരിന്റെ നവകേരള മിഷനിലൂടെ നല്ല പൊതു വിദ്യാലയങ്ങള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക-പാരിസ്ഥിതിക വികസനം, ഭവനം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ഇതോടൊപ്പം നമ്മുടെ അടിസ്ഥാനസൗകര്യ വികസനത്തിലും മുന്നേറാന്‍ കഴിയണം. ഈ ഗതിവേഗത്തിന് രാസത്വരകമാകുന്ന കേരള ബാങ്ക് നമുക്ക് സ്വന്തമായ, ശക്തമായ ഒരു സാമ്പത്തിക ജീവനാഡിയായിരിക്കും.

യുഡിഎഫിന് അങ്കലാപ്പ്

ഇടതുമുന്നണിസര്‍ക്കാരിനുകീഴില്‍ സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തിന് കേരള ബാങ്ക് കാരണമാകുമെന്ന് വിറളിപിടിച്ചാണ് ഐക്യജനാധിപത്യമുന്നണി കേരളബാങ്കിന് എതിരായ നിലപാടുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കേരളബാങ്ക് വരുന്നതുമൂലം ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതി ഇല്ലാതാകുമെന്നത് അവരെ പ്രകോപിപ്പിക്കുന്നുണ്ടാകും. മുന്‍കാലങ്ങളില്‍ എപ്പോഴെല്ലാം യുഡിഎഫ് ഭരണസമിതികള്‍ സംസ്ഥാന- ജില്ലാ ബാങ്കുകളില്‍ അധികാരത്തില്‍ ഇരുന്നിട്ടുണ്ടോ അപ്പോഴെല്ലാം വലിയ രീതിയിലുള്ള അഴിമതിയും ക്രമക്കേടുകളുമാണ് നടന്നിട്ടുള്ളത്. 2001–06 കാലയളവില്‍ സംസ്ഥാന സഹകരണ ബാങ്കിലെ ഭരണസമിതി നല്‍കിയ നൂറുകോടി രൂപയിലധികംവരുന്ന അഴിമതി-ക്രമരഹിത വായ്പകള്‍ ഇപ്പോഴും തിരിച്ചടയ്ക്കാതെ കിട്ടാക്കടമായി കിടക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് എം കെ രാഘവന്റെ നേതൃത്വത്തില്‍ അഗ്രീന്‍കോയുടെ പേരില്‍ എടുത്തുകൊണ്ടുപോയ വായ്പയും ഇതില്‍പ്പെടും. ജില്ലാ സഹകരണ ബാങ്കുകളിലെയും സ്ഥിതി വ്യത്യസ്തമല്ല.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിലുള്‍പ്പെടെ യുഡിഎഫ് ഭരണസമിതിയില്‍ അംഗങ്ങളായിരുന്നവര്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ മുടങ്ങിക്കിടക്കുകയാണ്. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് 450 കോടി രൂപയിലേറെ നഷ്ടത്തിലേക്കുവരാനുള്ള പ്രധാന കാരണം യുഡിഎഫ് ഭരണസമിതി മാരായമുട്ടംപോലുള്ള സംഘങ്ങള്‍ക്കും മറ്റ് കടലാസ് സംഘങ്ങള്‍ക്കും വഴിവിട്ടുനല്‍കിയ വായ്പയാണ്. ഇത്തരത്തില്‍ പൊതുപണം ദുര്‍വ്യയം ചെയ്യാനുള്ള അവസരം ഇനി ഉണ്ടാകില്ല എന്ന അങ്കലാപ്പ് യുഡിഎഫ് നിലപാടിന് കാരണമായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. സഹകാരികള്‍ ഇക്കാര്യം തിരിച്ചറിഞ്ഞ് കേരള ബാങ്ക് രൂപീകരണത്തിനെതിരെ നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News