കുപ്പണ കയര്‍ സംഘത്തില്‍ നടന്ന മത്സരം നാട് ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. ചകിരിയിഴകള്‍ പിന്നി കയറാക്കുന്നതില്‍ കണ്ണും മനസ്സും അര്‍പ്പിച്ച സ്ത്രീ തൊഴിലാളികള്‍ കൈവലിച്ചു നീട്ടി കലാചാരുതയോടെ മാലിയെടുത്തു. ഒന്‍പത് ടീമുകളിലായി 27 പേരാണ് മത്സരത്തില്‍ മാറ്റുരച്ചത്.വടംവലി മത്സരം കാണുന്ന ആവേശത്തിലാണ് കയര്‍പിരികളത്തിന് ഇരുവശവും കാഴ്ചക്കാര്‍ നിരന്നത്.

കയര്‍പിരിപ്പ് നാട്ടില്‍ നിന്നും അന്യമായി തുടങ്ങിയെങ്കിലും പെരിനാടിന്റെ സിരകളില്‍ ഇന്നും സമരാവേശമായി ജ്വലിച്ചു നില്‍ക്കുന്ന കയര്‍പിരി കാഴ്ചകള്‍ കാണാനെത്തിയത് തൊഴിലാളികളുടെ വലിയകൂട്ടമായിരുന്നു. കയ്യടിച്ചും ആര്‍പ്പുവിളിച്ചും നാട്ടുകാര്‍ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.മത്സരം ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.

ഗതകാല സ്മരണകളില്‍ പുളകിതമാക്കിയ കയര്‍പിരിപ്പ് മത്സരം നാട് ആവേശത്തോടെയാണ് നെഞ്ചേറ്റിയത്.
ആദ്യകാല കയര്‍ തൊഴിലാളികളെ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹന്‍, എസ്എല്‍ സജികുമാര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിക്കുന്ന തൊഴില്‍ മത്സരത്തിന്റെ ഭാഗമായാണ് കുപ്പണ കയര്‍ സംഘത്തില്‍ കയര്‍പിരിപ്പ് മത്സരം നടത്തിയത്.