ശബരിമല:സുപ്രീംകോടതി വിധിയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി ദര്‍ശനം നടത്താനുളള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്

ശബരിമലയില്‍ സുപ്രീം കോടതി വിധിയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി.

ക്രമസമാധാനം നടപ്പിലാക്കുന്ന നടപടിയായിരിക്കും സര്‍ക്കാരിന്റേതെന്നും മൗലികാവകാശവുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ സര്‍ക്കാരിനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. സര്‍ക്കാര്‍ ഒരു സ്ത്രീയേയും മലചവിട്ടാന്‍ നിര്‍ബ്ബന്ധിച്ചിട്ടില്ല. സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്.

പുനപരിശോധനാ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരട്ടേ എന്നും നിലവിലെ വിധി പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്തി സഭയില്‍ പറഞ്ഞു.

ഭക്തര്‍ക്ക് ദര്‍ശനം നടത്താനുളള എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും യുവതീപ്രവേശന സമയത്ത് ഒരു വിഭാഗം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ തടഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് എടുത്തത്. വേണമെങ്കില്‍ ശബരിമലയില്‍ നിരോധനാജ്ഞ പ്രക്യാപിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

എന്നാല്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം സാധ്യമാണെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സഭയിലെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here