പാലാരിവട്ടം: ടി ഒ സൂരജ് അടക്കം മൂന്ന് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം മൂന്ന് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. സൂരജിനെ കൂടാതെ കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. അതേസമയം പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബ്ബലമെന്ന് തെളിയിക്കുന്ന സാങ്കേതിക സമിതി റിപ്പോര്‍ട്ടും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

66 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. കേന്വേഷണവുമായി സഹകരിക്കുക, തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വിളിക്കുമ്പോള്‍ ഹാജരാകണം, വിചാരക്കോടതിയില്‍ 10 ദിവസത്തിനകം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, രജിസ്റ്ററുകള്‍, മറ്റ് രേഖകള്‍ ,പാസ്ബുക്കുകള്‍, ബാങ്ക് രേഖകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഇലക്ടോണിക് രേഖകള്‍ എന്നിവ അന്വേഷണ ഏജന്‍സിക്ക് കൈമാറണം തുടങ്ങിയവയാണ് പ്രധാന ഉപാധികള്‍.

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടില്ലന്ന് ജാമ്യം അനുവദിച്ച് കൊണ്ട് ജസ്റ്റീസ് സുനില്‍ തോമസ് ചൂണ്ടിക്കാട്ടി. 2 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള 2 ആള്‍ ജാമ്യത്തിലുമാണ് പ്രതികള്‍ പുറത്തിറങ്ങുക. ഓഗസ്റ്റ് 30 നാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി സൂരജ് അടക്കം നാല് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഇതില്‍ കിറ്റ്‌കോ ജനല്‍ മാനേജര്‍ ബെന്നി പോളിന് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ആദ്യ ജാമ്യാപേക്ഷ തള്ളിയ ശേഷം സാഹചര്യങ്ങളില്‍ മാറ്റമുണ്ടായി എന്നു ചൂണ്ടിക്കാട്ടി പ്രതികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പാലം അഴിമതിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ വസ്തുതകള്‍ പൂര്‍ണമായും വെളിച്ചത്തു വന്നിട്ടില്ലന്നും ഇക്കാര്യത്തില്‍ സംശയമില്ലന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം പാലം അതീവദുര്‍ബലമെന്ന് തെളിയിക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറിംഗ് വിഭാഗവും തൃശൂര്‍ എന്‍ജീനിറിംഗ് കോളേജിലെ സ്‌ട്രെക്ചറല്‍ വിഭാഗവും നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. 2183 വിളളലുകളും ആറ് വളവുകളും പാലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 99 വിളളലുകള്‍ക്ക് 3 മില്ലീമീറ്ററില്‍ കൂടുതല്‍ വലുപ്പമുണ്ട്. ഭാരമുളള വാഹനങ്ങള്‍ കയറിയാല്‍ വിളളലുകള്‍ വലുതാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News