ജീവനക്കാരിയുമായി അടുത്തബന്ധം; മക്ഡൊണാള്‍ഡ്സ് സിഇഒയെ പുറത്താക്കി

ജീവനക്കാരിയുമായി അടുത്തബന്ധം പുലര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സി.ഇ.ഒ. സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെതിരെ കമ്പനി നടപടി സ്വീകരിച്ചത്. അതേസമയം ബ്രിട്ടീഷ് വംശജനായ മുന്‍ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ ഈസ്റ്റര്‍ ബ്രൂക്കിന്റെ തീരുമാനം ശരിയായില്ലെന്ന് മക്‌ഡൊണാള്‍ഡ് പറഞ്ഞു.

കമ്പനിയിലെ ജീവനക്കാരുമായി നേരിട്ടോ അല്ലാതയോ പ്രണയബന്ധങ്ങളിലോ മറ്റുരഹസ്യബന്ധങ്ങളിലോ ഏര്‍പ്പെടുന്നത് കമ്പനി വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചതിനാണ് സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെതിരെ കമ്പനി നടപടി സ്വീകരിച്ചത്. കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ തനിക്ക് ഒരു തൊഴിലാളിയുമായി വളരെ അടുത്തബന്ധമുണ്ടെന്ന് സമ്മതിച്ച ഈസ്റ്റര്‍ ബ്രൂക്ക് ചെയ്തത് തെറ്റായിപ്പോയെന്നും കമ്പനി ബോര്‍ഡിന്റെ തീരുമാനത്തോട് യോജിക്കുന്നതായും ഇതാണ് തനിക്ക് പടിയിറങ്ങാനുളള സമയമെന്നും അദ്ദേഹം ഇ-മെയിലില്‍ കുറിച്ചു. ഈസ്റ്റര്‍ബ്രൂക്കിനെതിരായ ആരോപണം വിശദമായി ചര്‍ച്ചചെയ്ത കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം വോട്ടിനിട്ട് പാസാക്കിയിരുന്നു.

2015-മുതല്‍ ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലകളിലൊന്നായ മക്ഡൊണാള്‍ഡ്സിന്റെ സിഇഒയാണ് സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക്. കമ്പനി വിടുമ്പോള്‍ സ്റ്റീവിന് നല്‍കേണ്ട പ്രത്യേക പാക്കേജ് എന്താണെന്ന് കമ്പനി തിങ്കളാഴ്ച അറിയിക്കും. സിഇഒ സ്ഥാനത്തുനിന്ന് നീക്കിയതിന് പുറമേ കമ്പനി ബോര്‍ഡില്‍നിന്നും അദ്ദേഹം ഒഴിവാകുമെന്നും മക്ഡൊണാള്‍ഡ്സ് വക്താവ് വ്യക്തമാക്കി.

അതേസമയം, കമ്പനിയിലെ ഏത് തൊഴിലാളിയുമായാണ് സിഇഒ അടുത്തബന്ധം പുലര്‍ത്തിയതെന്ന വിവരം മക്ഡൊണാള്‍ഡ്സ് പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച ഒരുവിവരവും ലഭ്യമല്ലെന്നാണ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് സ്ഥാനമൊഴിയുന്നതോടെ മക്ഡൊണാള്‍ഡ്സ് യു.എസ്.എ.യുടെ പ്രസിഡന്റ് ക്രിസ് കെംപ്സിന്‍സ്‌കിയെയാണ് കമ്പനി പുതിയ സിഇഒയായി നിയമിച്ചിരിക്കുന്നത്.

മക്‌ഡൊണാള്‍ഡിന്റെ ഓഹരി വിലയ്ക്കൊപ്പം ഈസ്റ്റര്‍ബ്രൂക്കിന്റെ പ്രതിഫലവും ഉയര്‍ന്നിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു. 2017-ല്‍ മൊത്തം 21.8 മില്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. മക്‌ഡൊണാള്‍ഡ്‌സ് അതിന്റെ മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. രണ്ടാഴ്ച മുമ്പ് അവരുടെ വരുമാനത്തില്‍ 2% ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്റ്റോര്‍ റീ മോഡലിംഗിനായി വളരെയധികം ചെലവഴിക്കുകയും ഡെലിവറി സേവനം വിപുലീകരിക്കുകയും ചെയ്തതാണ് കാരണം. കമ്പനിയുടെ ഓഹരി വില 7.5% കുറഞ്ഞു. നേതൃ മാറ്റവും വിപണിയിലെ കമ്പനിയുടെ പ്രകടനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഒരു വാര്‍ത്താക്കുറിപ്പിലൂടെ കമ്പനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News