കൂടത്തായി കേസ്: എംജി, കേരള സര്‍വകലാശാലകളില്‍ പരിശോധന

കോട്ടയം: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയുടെ വീട്ടില്‍നിന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തും.

അന്വേഷണത്തിന്റെ ഭാഗമായി എംജി, കേരള സര്‍വകലാശാലകളില്‍ അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും.

കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെ പരിശോധനക്കിടെയാണ് പൊലീസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. എംജി സര്‍വകലാശാലയില്‍ നിന്നുള്ള ബികോം ബിരുദ സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാലയില്‍ നിന്നുള്ള എംകോം ബിരുദ സര്‍ട്ടിഫിക്കറ്റുമാണ് കണ്ടെടുത്തത്.

സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്ന് തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കും.

എന്‍ഐടിയിലെ പ്രൊഫസറാണെന്ന അവകാശവാദത്തിന് ബലമാകാനാണ് ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

വിവാഹശേഷം കൂടത്തായി വീട്ടിലെത്തിയപ്പോള്‍ ജോളി പറഞ്ഞത് താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel