ദില്ലിയിലെ വായുമലിനീകരണം: രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; അധികാരികള്‍ ജനങ്ങളെ മരിക്കാന്‍ വിട്ടു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. വായുമലിനീകരണം മൂലം ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തിലെ അമൂല്യമായ വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയാണ്‌.

പരിഷ്‌കൃത രാജ്യങ്ങളില്‍ ഇങ്ങനെ നടക്കാന്‍ പാടില്ല. ജീവിക്കാനുള്ള അവകാശം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും സൂപ്രീംകോടതി പറഞ്ഞു.

വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് രൂക്ഷ വിമര്‍ശനം നടത്തിയത്. ഇക്കാര്യത്തില്‍ നടപടിയാണ് ആവശ്യമെന്നും കോടതി പറഞ്ഞു.

ഡല്‍ഹിക്ക് എല്ലാ വര്‍ഷവും ശ്വാസം മുട്ടുകയാണ്. നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എല്ലാ വര്‍ഷവും ഇത് സംഭവിക്കുന്നു.

10-15 ദിവസത്തേക്ക് ഇത് തുടരുകയും ചെയ്യുന്നു. ഇത്തരമൊരു അന്തരീക്ഷത്തില്‍ നമുക്ക് അതിജീവിക്കാനാകുമോ എന്നും കോടതി ചോദിക്കുന്നു.

മുറികള്‍ക്കുള്ളില്‍ പോലും ആരും സുരക്ഷിതരല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മലിനീകരണം നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടു. അവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടുവെന്നും കോടതി വിമര്‍ശിച്ചു.

ഡല്‍ഹിയിലെ സ്ഥിതി ഭയാനകമാണ്. കേന്ദ്രവും ഡല്‍ഹിയുമെന്ന നിലയില്‍ ഈ മലിനീകരണം കുറയ്ക്കാന്‍ എന്ത് ചെയ്യാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന്‌ കോടതി ആരാഞ്ഞു.

പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളോട് വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കുറയ്ക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

പഞ്ചാബ്, ഹരിയാണ, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ വിള അവശിഷ്ടങ്ങള്‍ കത്തിക്കല്‍ വിഷയം പരിഗണിച്ച കോടതി, മുപ്പത് മിനുട്ടിനകം പരിസ്ഥിതി വിദഗ്ധരെ(ഐ.ഐ.ടിയില്‍നിന്ന് ഉള്‍പ്പെടെയുള്ളവരെ) വിളിച്ചു വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം. ഇത് നിര്‍ത്തലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും സാധ്യമായ മുഴുവന്‍ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here