വിസിയെ കാണാനില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍; ക്യാമ്പസിന് പുറത്ത് സിആര്‍പിഎഫിനെ വിന്യസിച്ചു

ന്യൂഡൽഹി: ജെഎൻയുവിൽ വിദ്യാർത്ഥി സമരം ശക്തമായിരിക്കെ ക്യാമ്പസിനുപുറത്ത്‌ കേന്ദ്ര പൊലീസ്‌ സേനയെ വിന്യസിച്ചു.

ഹോസ്‌റ്റൽ ഫീസ്‌ വർധനയടക്കമുള്ള പരിഷ്‌ക്കാരങ്ങൾക്കെതിരെ ഒരാഴ്‌ചയായി സമരം തുടരുന്നതിനിടെയാണ്‌ തിങ്കളാഴ്‌ച സിആർപിഎഫിനെ വിന്യസിച്ചത്‌.

ക്യാമ്പസിന്റെ എല്ലാ ഗേറ്റുകളിലും സിആർപിഎഫുകാർ നിലയുറപ്പിച്ചിട്ടുണ്ടെന്ന്‌ വിദ്യാർത്ഥി യൂണിയൻ നേതാക്കൾ പറഞ്ഞു.

ക്യാമ്പസ്‌ പരിസരത്ത്‌ സിആർപിഎഫുകാർ നിൽക്കുന്ന ചിത്രങ്ങൾ വിദ്യാർത്ഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

ഹോസ്‌റ്റൽ ഫീസ്‌ നാലിരട്ടിയാക്കിയും കുട്ടികളുടെ വസ്‌ത്രധാരണത്തിന്‌ നിബന്ധന നിർദ്ദേശിച്ചുമുള്ള പരിഷ്‌ക്കാരങ്ങൾ അടിച്ചേൽപ്പിക്കാനാണ്‌ സിആർപിഎഫിനെ അധികൃതർ വിന്യസിച്ചതെന്ന്‌ വിദ്യാർത്ഥിയൂണിയൻ മുൻ ജനറൽ സെക്രട്ടറി ഐജാസ്‌ അഹമ്മദ്‌ റാത്തർ പറഞ്ഞു.

90 അംഗങ്ങളുള്ള ഒരു കമ്പനി അർധ സൈനികരെ ക്യാമ്പസിനു പുറത്ത്‌ വിന്യസിച്ചിട്ടുണ്ടെന്ന്‌ ഡിസിപി ദേവേന്ദർ ആര്യ പറഞ്ഞു.

ഫീസ്‌ വർധനവിനെതിരായ സമരം നടക്കുന്നതിനാലുള്ള മുൻകരുതലാണിത്‌. ക്യാമ്പസിനുള്ളിൽ പൊലീസ്‌ കടന്നിട്ടില്ലെന്ന്‌ ആര്യ പറഞ്ഞു.

അധികൃതരുടെ നീക്കങ്ങൾക്കെതിരെ സമരം ശക്തിപ്പെടുത്തുമെന്ന്‌ വിദ്യർത്ഥി യൂണിയൻ പ്രതികരിച്ചു. വിദ്യർത്ഥികളുടെ നേതൃത്വത്തിൽ വസന്ത്‌കുഞ്ച്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തി.

വൈസ്‌ ചാൻസിലർ എം ജഗദീഷ്‌ കുമാറിനെ കാണാനില്ലെന്ന്‌ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പരാതി നൽകി. വിദ്യാർത്ഥികളോട്‌ സംവദിക്കാനോ പ്രശ്‌ന പരിഹാരത്തിന്‌ ശ്രമിക്കാനോ വി സി തയാറാകുന്നില്ല.

ഇതിനെതിരായ പ്രതിഷേധമാണ്‌ വിദ്യാർത്ഥികളുടേതെന്ന്‌ നേതാക്കൾ പറഞ്ഞു. വിദ്യാഭ്യാസത്തെ വ്യവസായമാക്കാനുള്ള നീക്കത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന്‌ എസഎഫ്‌ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വിദ്യാർത്ഥികളുമായി ചർച്ച ചെയ്യാതെ പ്രഖ്യാപിച്ച പരിഷ്‌ക്കാരങ്ങൾ പിൻവലിക്കണമെന്ന്‌ എസ്‌എഫ്‌ഐ പ്രസിഡന്റ്‌ വി പി സാനു, ജനറൽ സെക്രട്ടറി എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News