ആര്‍സിഇപി കരാറില്‍ ഇന്ത്യ ഒപ്പിടില്ല; പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമാക്കിയത് കര്‍ഷകരടക്കം ഉയര്‍ത്തിയ ശക്തമായ പ്രക്ഷോഭം

ബാങ്കോക്ക്: നിര്‍ദിഷ്ട മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആര്‍സിഇപി) കരാറില്‍ ഇന്ത്യ പങ്കുചേരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. ഇന്ത്യന്‍ കമ്പോളത്തെ കൂടുതല്‍ തുറന്നിടുന്ന സ്വതന്ത്ര വ്യാപാര കരാറിനെതിരെ കര്‍ഷകരടക്കം ഉയര്‍ത്തിയ ശക്തമായ പ്രക്ഷോഭമാണ് കരാര്‍ അംഗീകരിക്കുന്നതില്‍നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. ഇതോടെ ആസിയാന്‍ രാജ്യങ്ങളും മേഖലയിലെ മറ്റ് അഞ്ച് രാജ്യങ്ങളുംമാത്രം ഉള്‍പ്പെട്ടതാകും ആര്‍സിഇപി കരാര്‍.

ആര്‍സിഇപി ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ നിലപാട് പ്രഖ്യാപിച്ചത്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യയുടെ ആശങ്ക തൃപ്തികരമായി പരിഹരിക്കപ്പെടാത്തതിനാലാണ് പിന്‍വാങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവിലുള്ള രൂപത്തില്‍ കരാര്‍ അതിന്റെ അടിസ്ഥാനസത്തയും മാര്‍ഗനിര്‍ദേശക തത്വങ്ങളും പ്രതിഫലിപ്പിക്കുന്നതല്ല. ഈ സാഹചര്യത്തില്‍ കരാറില്‍ ചേരുന്നത് ഇന്ത്യക്ക് അസാധ്യമാണ്– പ്രധാനമന്ത്രി പറഞ്ഞു.

വര്‍ധിച്ച മേഖലാ ഉദ്ഗ്രഥനത്തിനും കൂടുതല്‍ സ്വതന്ത്രമായ വ്യാപാരത്തിനും നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്താരാഷ്ട്രക്രമത്തിനുമാണ് ഇന്ത്യ നിലകൊള്ളുന്നത്. തുടക്കംമുതല്‍ സജീവമായും ക്രിയാത്മകമായും ആര്‍സിഇപി ചര്‍ച്ചകളില്‍ പങ്കെടുത്തു. കൊടുക്കല്‍ വാങ്ങലിന്റെ അടിസ്ഥാനത്തില്‍ സന്തുലനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. ആര്‍സിഇപി ചര്‍ച്ചകള്‍ നടന്ന ഏഴ് വര്‍ഷത്തില്‍ ആഗോള സാമ്പത്തിക രംഗത്തടക്കം നിരവധി മാറ്റങ്ങളുണ്ടായി. ഈ മാറ്റങ്ങള്‍ കാണാതിരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ അഭാവത്തില്‍ ആസിയാനിലെ 10 രാജ്യങ്ങളും ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവയുമാകും കരാറില്‍ ഉണ്ടാവുക. ഈ രാജ്യങ്ങള്‍ തിങ്കളാഴ്ചയോടെതന്നെ കരാറിലെത്തണമെന്ന നിലപാടിലായിരുന്നു. അന്തിമരൂപമാകുന്നതോടെ ഇത് ലോകത്തെ ഏറ്റവും വലിയ മേഖലാ സ്വതന്ത്ര വ്യാപാര കരാറാകും.

ശനിയാഴ്ച വ്യാപാരമന്ത്രിമാരുടെ യോഗത്തിലും തുടര്‍ന്ന് ഉച്ചകോടിക്കിടയിലും ഇന്ത്യയെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടന്നെങ്കിലും കരാറിനെതിരെ രാജ്യത്തുയര്‍ന്ന ശക്തമായ വികാരം സര്‍ക്കാരിന് തടസ്സമായി. ആഗോളചര്‍ച്ചകളില്‍ ഇന്ത്യ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്ന കാലം കഴിഞ്ഞെന്ന് യുപിഎ ഭരണകാലത്തെ പരാമര്‍ശിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News