സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ് .കോഴിക്കോട് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ നേരിടും. വൈകീട്ട് 4 മണിക്കാണ് മത്സരം

കിരീടം ലക്ഷ്യമിട്ടാണ് കേരളം ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ആതിഥേയരായ കേരളത്തിന് ആന്ധ്ര പ്രദേശ് ആണ് എതിരാളി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും പുതുച്ചേരി, കര്‍ണാടക, തെലങ്കാന എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലും ആണ് മത്സരിക്കുന്നത്.

വൈകീട്ട് മന്ത്രി ടി.പി രാമകൃഷ്ണന്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മിഥുന്റെ നേതൃത്വത്തില്‍ ഉള്ള കേരള ടീം ഇത്തവണ കപ്പ് തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയില്‍ ആണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.

ഈ മാസം 9 നാണ് കേരളത്തിന്റെ രണ്ടാം മത്സരം. തമിഴ്നാട് ആണ് കേരളത്തിന്റെ എതിരാളികള്‍. ഇന്ന് മുതല്‍ നവംബര്‍ 10 വരെയാണ് ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ക്ക് കോഴിക്കോട് വേദിയാവുക.