തൊഴിലുറപ്പിനായി പ്രക്ഷോഭം; ഡിസംബര്‍ 10ന് തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ

തൊഴിലുറപ്പ് പദ്ധതി ഇല്ലായ്മചെയ്യാനുള്ള കേന്ദ്രനീക്കം ചെറുക്കാന്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. ഡിസംബര്‍ 10ന് സംസ്ഥാന തലസ്ഥാനങ്ങളിലും -ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.

വര്‍ഷം 250 ദിവസം തൊഴില്‍ ഉറപ്പാക്കണമെന്നതടക്കം പത്ത് ആവശ്യം ഉള്‍പ്പെടുന്ന പ്രമേയം കണ്‍വന്‍ഷന്‍ പാസാക്കി. തൊഴില്‍ ലഭിക്കേണ്ടത് തൊഴിലാളികളുടെ അവകാശമാണെന്ന് അംഗീകരിക്കപ്പെടണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഡല്‍ഹി മാവ് ലങ്കര്‍ ഹാളില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.

തൊഴിലില്ലായ്മ അമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ഗുരുതര സാഹചര്യമാണ് രാജ്യത്തുള്ളത്. ഭൂമിയില്ലാത്ത തൊഴിലാളികളുടെ എണ്ണം ഗ്രാമീണ ജനസംഖ്യയുടെ പകുതിയില്‍ കൂടുതലായി വര്‍ധിച്ചെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് അറുനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് എസ് തിരുനാവുക്കരശ്, സൂസന്‍ കോടി എന്നിവരടങ്ങിയ പ്രസീഡിയം കണ്‍വന്‍ഷന്‍ നിയന്ത്രിച്ചു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറി സുനീത് ചോപ്ര, അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍, വി പി സാനു, വിജു കൃഷ്ണന്‍, വിക്രംസിങ്, സി കെ ഹരീന്ദ്രന്‍, ആശ ശര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.

വര്‍ഷം 250 ദിവസം ജോലി ഉറപ്പാക്കണമെന്നതടക്കം പത്തിന ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രമേയം കണ്‍വന്‍ഷന്‍ പാസാക്കി. സ്ത്രീക്കും പുരുഷനും കുറഞ്ഞത് 600 രൂപ കൂലി നല്‍കുക, 15 ദിവസത്തിനുള്ളില്‍ മുഴുവന്‍ കൂലി നല്‍കുക, സംസ്ഥാന തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ക്ഷേമനിധി വ്യവസ്ഥ ചെയ്യുക, 60 വയസ്സിനുശേഷം 3000 രൂപ പെന്‍ഷന്‍ അനുവദിക്കുക, അപേക്ഷിക്കുന്നവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ ജോലിയോ അല്ലാത്തപക്ഷം തൊഴിലില്ലായ്മ വേതനമോ നല്‍കുക, കരാറുകാരെ ഉള്‍പ്പെടുത്താതിരിക്കുക, പ്രസവാവധി, ചികിത്സാ സംവിധാനം, കുടിവെള്ളം തുടങ്ങിയവ ഉറപ്പാക്കുക, തൊഴിലും തൊഴില്‍സ്ഥലത്തെ സൗകര്യങ്ങളും ഉറപ്പാക്കാന്‍ നിരന്തരം ഗ്രാമസഭകള്‍ ചേരുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ മുന്നോട്ടുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here