സംസ്ഥാനത്ത് ഓട്ടോയാത്രയും ഇനി ഹരിതപാതയില്‍. പുത്തന്‍ യാത്രാ സംസ്‌കാരത്തിന് തുടക്കംകുറിച്ച് ‘നീം ജി’ ഇ ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങി. എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്പീക്കര്‍, വ്യവസായമന്ത്രി ഇ പി ജയരാജന്‍, ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ഓട്ടോയുടെ ആദ്യയാത്രക്കാരുമായി. മന്ത്രിമാര്‍ക്ക് പിന്നാലെ എംഎല്‍എമാരും ഇ ഓട്ടോയിലാണ് നിയമസഭയില്‍ എത്തിയത്.

പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് മുന്‍കൈയെടുത്ത് ഇത്തരമൊരു സംരംഭം തുടങ്ങിയത് അഭിമാനകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് റീചാര്‍ജ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിസൗഹൃദമായ മറ്റ് വാഹനങ്ങളും നിര്‍മിക്കാന്‍ കെഎഎല്‍ പദ്ധതിയിടുന്നതായി ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനായ വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പദ്ധതിക്ക് ഗതാഗതവകുപ്പിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

നിയമസഭാസമ്മേളനത്തിനായി സ്പീക്കറും മന്ത്രിമാരും എംഎല്‍എമാരും ഓട്ടോറിക്ഷയില്‍ എത്തിയത് കാഴ്ചക്കാരില്‍ കൗതുകമുളവാക്കി. എല്ലാവര്‍ക്കും ഓട്ടോയുടെ പ്രത്യേകതകള്‍ വിശദീകരിക്കാനും മന്ത്രിമാര്‍ മറന്നില്ല. തുടര്‍ന്ന് ഓട്ടോ അടുത്ത് കാണാനും സെല്‍ഫി എടുക്കാനും നിരവധിയാളുകള്‍ എത്തി.

പത്ത് ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറങ്ങിയത്. കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോ പോലെ. ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെവി മോട്ടോറുമുണ്ട്.

മൂന്ന് മണിക്കൂര്‍ 55 മിനിറ്റില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസയാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്യേണ്ടത്. കാര്‍ബണ്‍– ശബ്ദമലിനീകരണമില്ല. കുലുക്കവും തീരെ കുറവ്.