നരേന്ദ്ര മോദിയുടെ വസതിയില്‍ വച്ച് താരങ്ങള്‍ക്കായി ഒരു സല്‍ക്കാരം ഏര്‍പ്പെടുത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു അത്. ഷാരൂഖ് ഖാനും ആമിര്‍ ഖാനും ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ വിരുന്നില്‍ പങ്കെടുത്തു.

എന്നാല്‍ ഈ പരിപാടിയില്‍ നരേന്ദ്ര മോദി തങ്ങളോട് വേര്‍തിരിവ് കാണിച്ചു എന്നാണ് ഗായകന്‍ എസ്പി ബാലസുബ്രമണ്യം പറയുന്നത്. അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എല്ലാവരുടേയും ഫോണുകള്‍ വാങ്ങി വയ്ക്കുകയും ടോക്കണുകള്‍ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നെ എങ്ങനെയാണ് ബോളിവുഡ് താരങ്ങള്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫി എടുക്കാന്‍ സാധിച്ചത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എസ്പിബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവച്ചിട്ടുണ്ട്.

മഹാത്മാവിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍ ഗാന്ധിസത്തെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചേഞ്ച് വിത്തിന്‍ എന്ന പേരില്‍ മീറ്റ് നടത്തി. ബോളിവുഡില്‍ നിന്ന് നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധി തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു ആയിരുന്നു. പ്രധാനമന്ത്രി മോദിയുടെയും സംഘത്തിന്റെയും ഇരട്ടത്താപ്പിനെ കുറിച്ചാണ് എസ്പിബി ഇപ്പോള്‍ പറയുന്നത്.