യുഎസിലെ വിദ്യാര്‍ത്ഥികളും പഠിക്കും, കേരള മോഡല്‍; സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കന്‍ പാഠപുസ്തകങ്ങളിലും

തിരുവനന്തപുരം: കേരളം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അമേരിക്കയിലെ പാഠപുസ്തകത്തില്‍ പഠനക്കുറിപ്പ്.

ടെക്സാസിലെ ഹൈസ്‌ക്കൂള്‍ പാഠപുസ്തകമായ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഫോര്‍ അഡ്വാന്‍സ് പ്ലേസ്മെന്റിലാണ് കേരളത്തെക്കുറിച്ചുള്ള പാഠങ്ങള്‍. ആന്‍ഡ്രൂ ഫ്രിഡ്ലന്‍ഡ്, റിക് റെല്യ എന്നിവരാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പ്രധാനമായും ജനസംഖ്യാ നിയന്ത്രണവും ലിംഗസമത്വവുമാണ് പരാമര്‍ശിക്കുന്നത്. രണ്ടുപേജില്‍ ഈ നേട്ടങ്ങളെയും അതിനെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളുമായുള്ള താരതമ്യവും ഉണ്ട്.

ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് കൃത്യമായ ബോധവത്ക്കരണത്തിലൂടെയും ഭരണസംവിധാനങ്ങളുടെ ഇടപെടലുകളിലൂടെയുമാണ് കേരളം എന്ന കൊച്ചു സംസ്ഥാനം പല സൂചികകളിലും ഒന്നാമതെത്തിയതെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു.

1970കളില്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിച്ച കുടുംബാസൂത്രണവും അതില്‍ പൂര്‍ണ വിജയം കണ്ട സംസ്ഥാനം കേരളമാണെന്നും പരാമര്‍ശമുണ്ട്. കണക്ടികുട് എന്ന യു.എസ് സംസ്ഥാനത്ത് ആകെ ജനസംഖ്യ 35 ലക്ഷമാണ്, കേരളത്തില്‍ മൂന്ന് കോടിക്ക് മുകളിലും.

അത്രയും വ്യത്യാസം നിലനില്‍ക്കുമ്പോളാണ് സാമൂഹ്യ വികസന സൂചികകളില്‍ കേരളം രാജ്യത്ത് ഒന്നാമതായും, യു.എസിലെ ചില സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലും ഉള്ളത്. കണക്ടികുട് സംസ്ഥാനത്തിന് ഈ നിലയിലേക്ക് ഉയരാനും കഴിഞ്ഞിട്ടില്ല.

കേരളത്തിലെ പെണ്‍കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കുന്ന ചിത്രവും പുസ്തകത്തിലുണ്ട്. സാക്ഷരത ജനസംഖ്യാ നിയന്ത്രണത്തില്‍ പ്രധാന ഘടകമാണെന്നും അതില്‍ കേരളം മാതൃകയാണെന്നും പാഠപുസ്തകം പറയുന്നു.

സംസ്ഥാനത്തെ കാര്യക്ഷമമായ ആരോഗ്യമേഖല ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ ഇടമാക്കി കേരളത്തെ മാറ്റി. വടക്കേ അമേരിക്കയോടും പല വികസിത രാജ്യങ്ങളോടും ഒപ്പം നില്‍ക്കുന്ന നേട്ടമാണിത്.

സാമൂഹ്യവും സാംസ്‌കാരികവുമായ ഘടകങ്ങളും ജനസംഖ്യാ നിയന്ത്രണത്തിലുള്ള സ്ഥിരതയ്ക്ക് കാരണമാകുന്നു. വിദ്യാഭ്യാസം, തൊഴില്‍, തുല്യത എന്നിവയ്ക്ക് കേരളം വലിയ പ്രാധാന്യം നല്‍കുന്നു. ഉന്നത നിലവാരമുള്ള സ്‌കൂളുകള്‍ 90 ശതമാനത്തിലധികം സാക്ഷരതയുള്ള സംസ്ഥാനത്തിന്റെ നട്ടെല്ലാണ്. സാക്ഷരതയില്‍ സ്ത്രീകളും പുരുഷന്മാരും തുല്യരാണ്.

ഇന്ത്യയിലെത്തന്നെ മറ്റ് സംസ്ഥാനങ്ങളും, മറ്റ് രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ ചുരുക്കം ചില സ്ഥലങ്ങളിലേ ഇങ്ങനെയുള്ളൂ. അവിടങ്ങളില്‍ പുരുഷന്മാരുടെ പകുതി വിദ്യാഭ്യാസമേ സ്ത്രീകള്‍ക്ക് ലഭിക്കുന്നുള്ളൂ. കേരളത്തില്‍ ഇത് വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമ്പ്രദായമാണ് കുടുംബങ്ങളില്‍ നിലനിന്ന് പോരുന്നതെന്ന് പുസ്തകത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here