നിലത്ത് വലിച്ചിട്ട് ചവിട്ടി, വസ്ത്രങ്ങള്‍ വലിച്ചുകീറി: ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച് ലീഗുകാര്‍

മലപ്പുറം: പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ മിഥുനയെ മര്‍ദിച്ച മുസ്ലിംലീഗുകാര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.

എടക്കണ്ടി ലത്തീഫ്, യുനൈസ്, യൂനുസ്, പവ്വാസ്, ഹമീദ് എന്നിവരുള്‍പ്പടെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസ്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിനാണ് അന്വേഷണ ചുമതല. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘംചേര്‍ന്ന് അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.

മിഥുനയുടെ വാര്‍ഡിലെ ഗ്രാമസഭക്കിടെയാണ് അക്രമം നടന്നത്.

ജാതിപ്പേര് വിളിച്ച് മിഥുനയെ മേശയിലേക്ക് തള്ളിയിട്ട സംഘം ദേഹത്തുണ്ടായിരുന്ന ഷാള്‍ വലിച്ചുപറിച്ചു. നിലത്ത് വലിച്ചിട്ട് ചവിട്ടുകയും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയുംചെയ്തു. യോഗ മിനുട്‌സടക്കമുള്ള പഞ്ചായത്ത് രേഖകള്‍ കീറിനശിപ്പിച്ചു.

ഗ്രാമസഭ മാറ്റിവയ്ക്കണമെന്നായിരുന്നു അക്രമികളായ മുസ്ലിംലീഗുകാരുടെ ആവശ്യം. ക്വാറം തികയാത്തതിനാല്‍ ഗ്രാമസഭ മാറ്റിവയ്ക്കാമെന്ന് മിഥുന അറിയിച്ചപ്പോള്‍ ലീഗ് നേതാക്കളെ അറിയിക്കാത്തതിനാല്‍ യോഗം മാറ്റിയെന്ന് മിനുട്‌സില്‍ എഴുതണമെന്ന് അക്രമികള്‍ വാശിപിടിക്കുകയായിരുന്നു.

ഇത് അംഗീകരിക്കാന്‍ മിഥുന തയ്യാറാകാതിരുന്നതോടെയാണ് മുറിക്കുള്ളില്‍ തടഞ്ഞുവച്ച് അക്രമികള്‍ അഴിഞ്ഞാടിയത്. തൊട്ടടുത്ത കേരളോത്സവ വേദിയില്‍നിന്ന് അളുകള്‍ എത്തിയാണ് മിഥുനയെ രക്ഷപ്പെടുത്തിയത്.

സംവരണ മണ്ഡലത്തില്‍നിന്ന് ലീഗ് പ്രതിനിധിയായി ജയിച്ച മിഥുന തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here