നാട്ടിലെ അറിയപ്പെടുന്ന ആശാരിപ്പണിക്കാരന്‍, ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത വ്യക്തി. എന്നാല്‍ സന്ധ്യ മയങ്ങുന്നതോടെ മറ്റൊരാളായി മാറും. സ്ത്രീ വേഷം കെട്ടി,ആഭരണങ്ങള്‍ അണിഞ്,സിന്ദൂരപൊട്ടും തൊട്ട് കണ്മഷിയും ചാന്തും ചാര്‍ത്തി ഇരുട്ടിലേക്കിറങ്ങും.

മേക്ക് അപ്പ് സാധനങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ് കയ്യില്‍ കരുതും. ക്രമേണ സ്ത്രീയില്‍ നിന്നും യക്ഷിയായി രൂപവും ഭാവവും മാറും. അര്‍ദ്ധരാത്രിയില്‍ ആള്‍ സഞ്ചാരം ഇല്ലാത്ത വഴികളില്‍ യക്ഷിയുടെ ഭാവ ചലനങ്ങളോടെ നടത്തം. ഉറക്കം ശ്മശാനത്തില്‍.

കണ്ണൂര്‍ കുന്നത്തൂര്‍പ്പാടി വനത്തില്‍ കണ്ടെത്തിയ സാരി ചുറ്റിയ അജ്ഞാത മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തില്‍ പോലീസ് ചെന്നെത്തിയത് മലപ്പട്ടം അടൂര്‍ സ്വദേശി കിഴക്കേപുരയില്‍ ശശി(45) എന്ന ആശാരിപ്പണിക്കാരനിലാണ്. സ്ത്രീ വേഷം കെട്ടിയ ശശിയുടേതാണ് മൃതദേഹം എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡി എന്‍ എ ടെസ്റ്റ് കൂടി വേണ്ടി വരും.

പകല്‍ സമയങ്ങളില്‍ കൃത്യമായി ആശാരിപ്പണിക്ക് പോകുന്ന ശശി ഒരു തരത്തിലുള്ള സ്വഭാവ വൈകല്യവും കാണിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഒരു തവണ രാത്രി സ്ത്രീ വേഷത്തില്‍ കണ്ടതിനെ തുടര്‍ന്ന് ചിലര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് വാടക വീട്ടിലേക്ക് താമസം മാറി. ശശിയുടെ പ്രത്യേക തരം മാനസിക വൈകല്യം ആരും ഗൗരവത്തില്‍ എടുക്കുകയോ ചികിത്സ നല്‍കുകയോ ചെയ്തില്ല.

കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലെ കുമ്പത്തൂര്‍പാടി വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് മൃതശരീരം കണ്ടത്.

സാരി ധരിച്ച നിലയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹം. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ മരിച്ചത് പെണ്ണല്ല, പെണ്‍വേഷം കെട്ടിയ പുരുഷനാണ് എന്ന് മനസ്സിലായി.

മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോകളാണ് മരിച്ചത് ശശിയാണ് എന്ന നിഗമനത്തില്‍ എത്തിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്നും വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യയാണ് എന്ന സംശയമുണ്ട്.