പനാജി: ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്രമേളയുടെ സമഗ്ര സംഭാവന പുരസ്കാരം ഫ്രഞ്ച് നടി ഇസബെല്ല ഹുപ്പെര്‍ട്ടിന് നല്‍കും.

1971 തൊട്ട് ഫ്രഞ്ച് സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഇസബെല്ല 16 തവണ ഓസ്കാര്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്.

കാന്‍, വെനീസ് ഉള്‍പ്പെടെയുള്ള ലോകപ്രശസ്ത ചലച്ചിത്രമേളകളിലെല്ലാം പുരസ്കാരം നേടിയിട്ടുണ്ട്. പിയാനോ ടീച്ചർ, എല്ലി തുടങ്ങി 120 ചിത്രങ്ങളിൽ അഭിനയിച്ച ഇസബല്ലെ നാടക രംഗത്തും സജീവമാണ്.

ചലച്ചിത്ര മേളയുടെ 50ാം വാർഷികം പ്രമാണിച്ച് ഇത്തവണ 50 വനിതാ സംവിധായകരുടെ 50 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

‘മാസ്റ്റർ ഫ്രെയിം’ വിഭാഗത്തിൽ ലോകപ്രശസ്ത സംവിധാകരുടെ 17 ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുർക്കി സംവിധായകൻ സെമിഹ് കപ്ലാനോഗ്‌ലുവിന്‍റെ ‘കമിറ്റ്‌മെന്റ്’ കൊറിയൻ സംവിധായകൻ ബോങ് ജൂൻ ഹോയുടെ പാരസൈറ്റ് എന്നി ചിത്രങ്ങളുടെ ആദ്യ പ്രദർശനവും നടക്കും.

76 രാജ്യങ്ങളിൽ നിന്നായി 200 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. നാൽപതിലേറെ ഇന്ത്യൻ ചിത്രങ്ങളുണ്ട്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവാ ചലച്ചിത്ര മേള.