സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിന്റെ ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരത്തില്‍ കേരളത്തിന് സന്തോഷത്തുടക്കം.

എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രപ്രദേശിനെതിരെ ആധികാരിക ജയത്തോടെയാണ് കേരളത്തിന്റെ തുടക്കം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിന്റെ പൂര്‍ണാധിപത്യമാണ് കാണാനായത്.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും എതിരാളികളെ മുന്നിലെത്താന്‍ അനുവദിക്കാതെ പോരാടിയ കേരളം അര്‍ഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനുവേണ്ടി എമില്‍ ബെന്നി ഇരട്ട ഗോള്‍ നേടി.

മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനി മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. വിപിന്‍ തോമസിന്റെ ഹെഡറിലൂടെ 45-ാം മിനിറ്റില്‍ കേരളം ലീഡെടുത്തു.

ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി അവസരം ലക്ഷ്യത്തിലെത്തിച്ച ലിയോണ്‍ അഗസ്റ്റിന്‍ ലീഡ് ഉയര്‍ത്തി.

ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിന്റെ ലീഡില്‍ രണ്ടാം പകുതിയിലിറങ്ങിയ കേരളം രണ്ടാം പകുതിയിലും കളം നിറഞ്ഞുനിന്നു.

മത്സരത്തിന്റെ 53-ാം മിനിറ്റിലായിരുന്നു എമില്‍ ബെന്നിയുടെ ആദ്യ ഗോള്‍. ഇതോടെ കേരളം ഏകപക്ഷിയമായ മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തു.

പത്ത് മിനിറ്റുകള്‍ക്കപ്പുറം മൂന്ന് ആന്ധ്ര താരങ്ങളെ കബളിപ്പിച്ച് എമില്‍ രണ്ടാം തവണയും കേരളത്തിന് വേണ്ടി ആന്ധ്ര വലചലിപ്പിച്ചു.

രണ്ടാം പകുതിയുടെ അധിക സമയത്ത് ഷിഹാദ് കേരള ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പ് എയില്‍ തമിഴ്‌നാടുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. നവംബര്‍ 9നാണ് കേരളം തമിഴ്‌നാട് പോരാട്ടം.