കായികമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു; കേരളം വിടില്ലെന്ന് ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചി കോര്‍പറേഷനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് കേരളം വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ കായിക മന്ത്രി ഇപി ജയരാജന്‍ നടത്തിയ ഇടപെടല്‍ ഫലം കണ്ടു.

കേരളം വിടില്ലെന്നും സംസ്ഥാനത്തിന്റെ കായിക പദ്ധതികള്‍ക്ക് കൂടുതല്‍ സഹകരണങ്ങള്‍ നല്‍കുമെന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ കായികമന്ത്രിക്ക് ഉറപ്പുനല്‍കി. നിയമസഭയിലെ കായിക മന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച

കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ഇപി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്‌

കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ സി ഇ ഒ വിരേന്‍ ഡിസൂസ നിയമസഭയിലെ ഓഫീസില്‍ എത്തി കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ ഐ എസ് എല്‍ മത്സരങ്ങള്‍ സുഗമമായി നടത്താനുള്ള എല്ലാ സഹായവും അദ്ദേഹത്തിന് ഉറപ്പു നല്‍കി.

ഈ മാസം 13 ന് ബ്ലാസ്റ്റേഴ്സ്, ജിസിഡിഎ, കൊച്ചി കോര്‍പ്പറേഷന്‍, കേരളാ ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. കൊച്ചിയില്‍ കളി നടത്താന്‍ ചില തടസ്സങ്ങളുണ്ടെന്നും കേരളം വിടുകയാണെന്നുമുള്ള തരത്തില്‍ ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ചില പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ ഇടപെട്ടത്.

കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പ്പര്യമെന്നാണ് വിരേന്‍ അറിയിച്ചത്. തങ്ങളുടെ ഫുട്ബോള്‍ പദ്ധതികള്‍ കോഴിക്കോട്ടേക്കു കൂടി വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളില്‍ കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഫുട്ബോള്‍ അക്കാദമി നടത്താനും അവര്‍ക്ക് പദ്ധതിയുണ്ട്.

കേരളത്തില്‍ കായിക വകുപ്പ് നടപ്പാക്കുന്ന കിക്കോഫ് അടക്കമുള്ള ഫുട്ബോള്‍ പരിശീലന പദ്ധതികള്‍ക്ക് ബ്ലാസ്റ്റേഴ്സിന്റെ സഹകരണം വേണമെന്ന് അഭ്യര്‍ത്ഥിച്ചു.

എല്ലാ വിധത്തിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് വിരേന്‍ വ്യക്തമാക്കി. ഈ സഹകരണം കേരള ഫുട്ബോളിന് ഏറെ ഗുണം ചെയ്യും.

കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് ബ്ലാസ്റ്റേഴ്സ്. അവര്‍ക്ക് കേരളത്തില്‍ സുഗമമായി മുന്നോട്ടു പോകാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News