കോഴിക്കോട്‌ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിന്റെ പീഡന പരാതി യു ഡി എഫ് തിരക്കഥയുടെ ഭാഗമെന്ന് വൈസ് പ്രസിഡന്റ് ശിവദാസൻ നായർ.

എൽ ഡി എഫിനെ പിന്തുണക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ശിവദാസൻ നായർ അറിയിച്ചു. എൽ ഡി എഫ്, അവിശ്വാസത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കോഴിക്കോട് ഡി സി സി പ്രസിഡന്റിന് അയച്ച കത്ത് പുറത്ത് വന്നത്.

രമ്യ ഹരിദാസ് എം പി ആയതോടെയാണ് വിജി മുപ്രമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയത്.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽ ഡി എഫ് അംഗങ്ങൾ ഇന്നലെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

19 അംഗങ്ങൾ ഉള്ളതിൽ എൽ ജെ ഡി അംഗവും നിലവിലെ വൈസ് പ്രസിഡന്റുമായ ശിവദാസൻ നായരുടെ പിന്തുണയിലാണ് യു ഡി എഫ് ഭരണം നിർത്തുന്നത്.

എന്നാൽ ശിവദാസൻ നായർ എൽ ഡി എഫിന് പിന്തുണ അറിയിച്ച് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടു. വൈകീട്ടോടെയാണ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ പീഡന ആരോപണവുമായി രംഗത്ത് വന്നത്.

സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് കാണിച്ച് കോഴിക്കോട് ഡി സി സി പ്രസി അയച്ച കത്ത് മാധ്യമങ്ങൾക്കും നൽകി. കോൺഗ്രസ് നേതാക്കൾ നടത്തിയ തിരക്കഥയുടെ ഭാഗമാണ് പീഡന ആരോപണമെന്ന് ശിവദാസൻ നായർ പറഞ്ഞു.

യു ഡി എഫിനൊപ്പം നിൽക്കണമെന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ ഹരിദാസ് എം പി, ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് തുടങ്ങിയ നേതാക്കളെല്ലാം ആവശ്യപ്പെട്ടിരുന്നു. പരാതി നിയമപരമായി നേരിടാൻ തയ്യാറെന്നും ശിവദാസൻ നായർ വ്യക്തമാക്കി.

ശിവദാസൻ നായർ എൽ ഡി എഫിനെ പിന്തുണക്കുന്നതോടെ രമ്യ ഹരിദാസ് പ്രസിഡന്റായിരുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു സി എഫി ന് നഷ്ടമാകും.