ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് വിട്ടുകിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി

കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനക്കായി വച്ച വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് വിട്ടുകിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഈ മാസം 8ന് കൊച്ചിയില്‍ നടക്കുന്ന നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ ഹിയറിംഗില്‍ സര്‍ക്കാര്‍, ഷെയര്‍വാല്യു അസസ്മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണ്. പക്ഷെ വില്‍പ്പനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ലിക്വിഡേറ്റര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറകാത്തതാണ് പ്രധാന തടസം.

എച്ച്എന്‍എല്‍ സ്ഥാപിക്കാന്‍ 700 ഏക്കര്‍ ഭൂമിയും അസംസ്‌കൃതവസ്തുക്കളുടെ പരിപാലനത്തിന് 5000 ഏക്കര്‍ പാട്ടഭൂമിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കൈമാറ്റം.

ഇതൊക്കെ ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനി വില്‍പ്പനയ്ക്ക് ലിക്വിഡേറ്ററെ നിയമിച്ചത്. വ്യവസ്ഥാ ലംഘനം ട്രിബ്യൂണലില്‍ ഉന്നയിക്കുന്നതിന് പുറമെ കമ്പനിയുടെ അവകാശം സ്ഥാപിക്കുന്ന രേഖകളും ഹാജരാക്കും.സംസ്ഥാന സര്‍ക്കാരിന്റെ ഈ ശ്രമങ്ങളില്‍ ഏറെ പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കുള്ളത്.

ഷെയര്‍വാല്യു അസസ്മെന്റ് തയ്യാറാക്കാന്‍ റിയാബിലെ ഉദ്യോഗസ്ഥര്‍ കമ്പനി സന്ദര്‍ശിച്ചിരുന്നു. എച്ച് എല്‍എല്‍ ഭൂമിയുടെ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കോട്ടയം ജില്ലാകലക്ടറെയാണ് ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ എച്ച്എന്‍എല്‍ കമ്പനി ഒരുവര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല.ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍ പട്ടിണിയിലാണ്. ഒരാഴ്ച്ചമുമ്പ് കടക്കെണിയിലായ തൊഴിലാളി ജീവനൊടുക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here