അട്ടപ്പാടി വനത്തിലെ മാവോയിസ്റ്റുകളുടെ പരിശീലന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

അട്ടപ്പാടി വനത്തിലെ മാവോയിസ്റ്റുകളുടെ പരിശീലന ദൃശ്യങ്ങള്‍ പുറത്ത്. അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയായ ദീപക്കാണ് മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നത്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തെ ടെന്റില്‍ നിന്നുമാണ് ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് പൊലീസാണ്.

തോക്കുപയോഗിച്ച് ശത്രുവിനെ നേരിടാനുളള പ്രത്യേക പരിശീനമാണ് ചത്തീസ്ഗഡിലെ ദണ്ഡകാരുണ്യ ദളത്തില്‍ നിന്നെത്തിയ ദീപക് നല്‍കുന്നത്. വെടിവയ്പ്പിനിടെ മഞ്ചിക്കണ്ടിയില്‍ നിന്ന് വലിയ ചെറുത്തുനില്‍പ്പില്ലാതെ ദീപക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

ദീപക്കിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വേണ്ടി വനത്തില്‍ രണ്ടു ദിവസം കൂടി തിരച്ചില്‍ നടത്തിയിരുന്നു. ഇരുവര്‍ക്കും വെടിയേറ്റതായും സംശയമുണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുളള മാവോയിസ്റ്റുകള്‍ സായുധ പരിശീലനത്തിന് എത്തുന്നതായി നേരത്തെ വിവരം ലഭിച്ചതായും പൊലീസ് പറയുന്നു.

2016ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടലിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ജാര്‍ഖണ്ഡും, ചത്തീസ്ഖഡും ഉള്‍പ്പെടുന്ന ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണ്‍ കമ്മറ്റിയില്‍ നിന്ന് രണ്ടുപേരെ പശ്ചിമഘട്ട മേഖലയില്‍ നിയോഗിച്ചതെന്നാണ് പൊലീസിന് ലഭിച്ച രഹസ്യവിവരം. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് മഞ്ചക്കണ്ടിയില്‍ നിന്ന് കണ്ടെടുത്ത ലാപ് ടോപില്‍ നിന്ന് ലഭിച്ചതെന്ന പൊലീസ് അവകാശപ്പെടുന്നു.

കുപ്പുദേവരാജും അജിതയുംകൊല്ലപ്പെട്ടതിന് ശേഷം മാവോയിസ്റ്റ് ടെക്‌നിക്കല്‍ കമ്മറ്റി സെന്‍ട്രല്‍ മിലിറ്ററി കമ്മറ്റിക്കും സെന്‍ട്രല്‍ കമ്മറ്റിക്കും സംഘത്തിന്റെ പാളിച്ചകളും, പോരായ്മകളും, പരാജയ കാരണങ്ങളും നിരത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഡി.ദീപക് എന്ന ചന്തുവും ഭാര്യ ഷര്‍മിളയും പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തനത്തിനെത്തുന്നത്.

അട്ടപ്പാടി വനത്തില്‍ തന്നെയാണ് മറ്റുമാവോയിസ്റ്റുകള്‍ക്ക് ഇവര്‍ തുടര്‍ച്ചായായി ആയുധപരിശീലനം നല്‍കിയത്. ചന്തുവിന്റെ പ്രകടനം സായുധപരിശീലത്തിന്റെ ഭാഗമായാണ് മാവോയിസ്റ്റുകള്‍ ലാപ് ടോപില്‍ സൂക്ഷിച്ചതെന്നും അന്വേഷണ സംഘം കരുതുന്നു. എന്നാല്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ മറ്റാരും ദൃശ്യങ്ങളില്‍ ഇല്ല.

കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ചന്തുവും ശര്‍മിളയും മഞ്ചക്കണ്ടി വെടിവെയ്പിന് ശേഷം ഉള്‍ക്കാട്ടിലേക്ക് രക്ഷപ്പെട്ടതായാണ് തണ്ടര്‍ബോള്‍ട്ടിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here