യുഎപിഎ നിലനില്‍ക്കും; അലനും താഹയ്ക്കും ജാമ്യമില്ല; പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍

യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ ജാമ്യഹര്‍ജി തള്ളിയത്.

യുഎപിഎ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്. കേസ്, അന്വേഷണ ഘട്ടത്തിലാണെന്നതും ജാമ്യഹര്‍ജി തള്ളാന്‍ കാരണമായി.

പ്രതികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയ റിപ്പോര്‍ട്ടും ലഘുലേഖകള്‍ അടക്കമുള്ള തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. വിദ്യാര്‍ത്ഥികളാണെന്നും മാനുഷിക പരിഗണ നല്‍കണമെന്നുമുള്ള പ്രതിഭാഗം വാദവും കോടതി അംഗീകരിച്ചില്ല.

അതേസമയം, ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.

യു എ പി എ ചുമത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഡ്വ. എം കെ ദിനേശന്‍ പറഞ്ഞു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്ന് താഹയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍  അറിയിച്ചു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ‍വ്യക്തമാക്കി.

യുഎപിഎ നിലനിർത്തുന്നതിനുള്ള  നിർണായക തെളിവുകളും  പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.

നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി കുറ്റങ്ങളാണ് ഇവർക്കെതിരെ  ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി  പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here