മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് സുപ്രധാന വിഷയങ്ങളെ ബാധിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് സുപ്രധാന വിഷയങ്ങളെ ബാധിക്കുന്നുവെന്ന് ബോംബെ  ഹൈക്കോടതി. ശിശുമരണം അടക്കമുള്ള വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ തൃപ്തികരമായ മറുപടി നല്‍കാത്തത് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് മൂലമാണെന്ന് കോടതി നിരീക്ഷിച്ചു.

വിദര്‍ഭ മേഖലയില്‍ നിന്ന് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായിട്ടും ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കാത്തതിനെയും കോടതി കുറ്റപ്പെടുത്തി.

പോഷകാഹാരക്കുറവ് മൂലം സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ ഉണ്ടാകുന്ന ശിശുമരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് സംസ്ഥാനത്തെ പല സുപ്രധാന വിഷയങ്ങളെയും സാരമായി ബാധിക്കുന്നുവെന്ന ബോംബൈ ഹൈക്കോടതി നിരീക്ഷണം.

ശിശുമരണ നിരക്കില്‍ കാര്യമായ കുറവുണ്ടാകാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ പ്രതിനിധിക്ക് സാധിച്ചില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസമായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇത് മൂലം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിക്കുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മേഖലയിലെ ശിശുമരണ നിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടാക്കാന്‍ സാധിക്കാത്തതില്‍ സംസ്ഥാനം ഭരിച്ച ബിജെപി സര്‍ക്കാരും കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങി.

13 വര്‍ഷമായി കോടതി മേല്‍നോട്ടം ഉണ്ടായിട്ടും ശിശുമരണ നിരക്ക് പൂജ്യത്തില്‍ എത്തിക്കാന്‍ സര്‍ക്കാരിനായില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിദര്‍ഭ മേഖലയില്‍ നിന്ന് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായിട്ടും ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കാത്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വിമര്‍ശിച്ചു. 2018 -19 വര്‍ഷം 660 കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം പാല്‍ഘര്‍, മേല്‍ഘട്ട് എന്നീ രണ്ട് ആദിവാസി ഭൂരിപക്ഷ ജില്ലകളില്‍ മാത്രം മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News