കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ എത്രയും വേഗം നിയമനടപടി; 57 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കുട്ടികള്‍ ഇരകളാകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കേസുകള്‍ എടുത്ത് എത്രയും വേഗം നിയമനടപടികള്‍ കൈക്കൊള്ളണമെന്ന കര്‍ശന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2013 മുതല്‍ കോടതിയില്‍ വ്യവഹാരത്തിലിരിക്കുന്ന കേസുകളുണ്ട്. മറ്റു കുറ്റകൃത്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, പീഡനത്തിനിരയാകുന്ന കുട്ടിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധുത്വമോ അധീശത്വമോ ഉള്ള വ്യക്തികളാണ് മിക്കവാറും കേസുകളില്‍ പ്രതി സ്ഥാനത്ത് വരുന്നത് എന്നതിനാല്‍ ശിക്ഷാ സാധ്യതയെ ഇന്ന് പ്രതികൂലമായി ബാധിക്കുന്നു എന്ന വസ്തുതയും നിലനില്‍ക്കുന്നു. എന്നിരുന്നാലും 2016 വര്‍ഷത്തില്‍ 19 ശതമാനമായിരുന്ന ശിക്ഷാ നിരക്ക് 2019 ആയപ്പോള്‍ 24 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് അഖിലേന്ത്യാ ശരാശരിയെക്കാള്‍ ഉയര്‍ന്നതാണെന്നും എം ഉമ്മറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പോക്സോ കേസുകള്‍ വിചാരണ ചെയ്യുന്നതിനായി പതിനാല് ജില്ലകളിലും അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് തലത്തിലുള്ള ഒരു കോടതിയെ പ്രത്യേകമായി നിശ്ചയിച്ച് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ എറണാകുളം ജില്ലയില്‍ പോക്സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

പോക്സോ കേസുകളുടെ വിചാരണ വേഗത്തില്‍ ആക്കണമെന്നും അതിനായി 2019 -20, 2020 -21 സാമ്പത്തിക വര്‍ഷങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയടക്കം സേവനവും ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് 57 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന് ആവശ്യമായ തുക വകയിരുത്താനും നടപടി സ്വീകരിക്കും.

പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel