എന്താണ് മാവോയിസം? ആരാണ് മാവോയിസ്റ്റ്?

മാവോയുടെ രാഷ്ട്രീയത്തിനോ ദര്‍ശനത്തിനോ മാവോ ചിന്തയുമായോ ഏതെങ്കിലും തരത്തിലൊരു ബന്ധം ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പിനില്ല.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി തന്നെ ആധികാരികമായി ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പിനെക്കുറിച്ച് വിയോജിപ്പ് വെളുപ്പെടുത്തിയിട്ടുണ്ട്. ഇത് മാവോ ചിന്തയുമായോ മാവോ രാഷ്ട്രീയമായോ ബന്ധപ്പെട്ട ഒന്നല്ല.

നമ്മുടെ നാട്ടില്‍ സ്ഥാപനവത്കരിക്കപ്പെട്ടു പോയ അസമത്വമുണ്ട്. വലിയ അഴിമതിയും ചൂഷണവുമൊക്കെ കാണുന്ന സമയത്ത്, ഇതൊക്കെ തച്ചുതകര്‍ക്കപ്പെടേണ്ടതാണെന്നും പുതിയൊരു കാലഘട്ടമുണ്ടാകണമെന്നുമൊക്കെ ആര്‍ക്കും തോന്നാം.

പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്. അപ്പോള്‍ സായുധമായ മാര്‍ഗങ്ങളിലേക്കൊക്കെ എടുത്ത് ചാടണമെന്ന പ്രചോദനമുണ്ടാകാം. പക്ഷേ ആ എടുത്ത് ചാട്ടം അപകടവും തെറ്റായ മാര്‍ഗവുമാണ്. അങ്ങനെ എടുത്ത് ചാടിയവരില്‍ പലരും പിന്നീട് ഖേദിച്ചിട്ടുണ്ട്.

അവര്‍ ആള്‍ദൈവങ്ങളുടെ മുന്‍പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നത് നമ്മള്‍ കണ്ടു. ചിലര്‍ സുവിശേഷ പ്രസംഗം നടത്തുന്നതും, ചിലര്‍ വലത്പക്ഷ ബാന്ധവത്തില്‍ മത്സരിക്കാനിറങ്ങിയതും, മറ്റ് ചിലര്‍ ആത്മകഥയെഴുതി ബൂര്‍ഷ്വാ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച് ഉപജീവനം നടത്തുന്നതും കണ്ടു.

ഇന്ന് ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ലക്ഷണമൊത്ത കൊള്ളസംഘമായിട്ടാണ്. 20 വര്‍ഷത്തിനിടയില്‍ 12000 മനുഷ്യരെ കൊന്നു തള്ളിയ ഭീകര സംഘമാണ് ഈ ഗ്രൂപ്പ്.

ഇതില്‍ സൈനികരും അര്‍ധസൈനികരുമായിട്ടുള്ളത് 1300 ഓളം പേര്‍ മാത്രമാണെന്നും, ഒന്‍പതിനായിരത്തിലേറെ പേര്‍ ആദിവാസികളും പട്ടികജാതിക്കാരും സാധാരണക്കാരുമായ മനുഷ്യരുമാണെന്നും ഓര്‍ക്കണം.

പശ്ചിമ ബംഗാളില്‍ തൃണമൂലിന്റെ അച്ചാരം വാങ്ങി സിപിഐഎമ്മിന്റെ നൂറുകണക്കിന് പ്രവര്‍ത്തകരെ കൊന്നൊടുക്കിയത് ഈ ഭീകരരാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ആദിവാസി ഗ്രാമങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി, പണം വാങ്ങി വോട്ട് വില്‍ക്കുന്നത് ഈ ഗ്രൂപ്പാണ്.

മുതലാളിത്തത്തിനെതിരായ ലഘുലേഖ അച്ചടിക്കുന്ന ഇവരാണ് വേദാന്തയുടെയും എസ്ആര്‍ന്റെയും ബിര്‍ളാ ബോക്‌സൈറ്റിന്റെയും ഉള്‍പ്പെടെയുള്ള കുത്തക കമ്പനികളുടെ മൈനുകള്‍ക്കും ഇരുമ്പയിര് കൊണ്ടുപോകുന്ന പൈപ്പ്‌ലൈനും കാവല്‍ നില്‍ക്കുന്നത്.

എങ്ങനെയാണ് ചെ ഗുവേരയുടെ പേര് ഇതിലേക്ക് കടന്നു വരുന്നത്? ചെ ഗുവേര സായുധവിപ്ലവത്തിലേക്ക് കടന്നു വരുന്ന കാലത്ത് ക്യൂബയില്‍ പാര്‍ലമെന്ററി ജനാധിപത്യമല്ല. അമേരിക്കയുടെ ുൗുുലഗേവണ്‍മെന്റാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ക്യൂബന്‍ ജനതയുടെ സമരത്തിനാണ് അദ്ദേഹം നേതൃത്വം കൊടുത്തത്.

പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്നിടത്ത് സായുധവിപ്‌ളത്തിന്റെ സാധ്യതകളെ സംബന്ധിച്ച് ഇന്ത്യയില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എല്ലാക്കാലത്തും സിപിഐ എം ഇടത് തീവ്രവാദപരമായ നിലപാടുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ കൊലക്കത്തിക്ക് ഇരകളായിട്ടുണ്ട്.

ഇങ്ങനെയൊക്കെ നില്‍ക്കുമ്പോഴും ഇപ്പോള്‍ ഈ ഏഴ് പേര്‍ കൊല്ലപ്പെട്ടത് നന്നായി എന്ന ഒരു സ്വരവും സിപിഐ എമ്മിന്റെ ഭാഗത്തു നിന്നും വന്നിട്ടില്ല. അത് ഏറ്റുമുട്ടലില്‍ സംഭവിച്ചതാണ് എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. മറിച്ചാണെങ്കില്‍, അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരട്ടെ.

ഒരിക്കലും തെറ്റായ നടപടികളിലേക്ക് പോകുന്നതിനെ ഈ സര്‍ക്കാര്‍ പിന്തുണക്കുകയില്ല. ഇതില്‍ പ്രതിപക്ഷത്തിന് സംശയം വന്നാല്‍ എതിര്‍ക്കാനാവില്ല. കാരണം, കേരളത്തിന്റെ ചരിത്രം വര്‍ഗീസിന്റെയും രാജന്റെയുമൊക്കെ ചരിത്രമാണ്.

വര്‍ഗീസിന്റെ സംഭവം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം റിപ്പോര്‍ട്ട് ചെയ്തത് ‘തിരുനെല്ലിയിലെ കാട്ടില്‍ ഘോരസംഘട്ടനം’ എന്നായിരുന്നു. പക്ഷേ ദേശാഭിമാനിയില്‍ പട്ടുവം രാഘവന്‍ റിപ്പോര്‍ട്ട് ചെയ്തത് ‘വര്‍ഗീസിനെ പിടിച്ചുകെട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നു’ എന്നാണ്. ആ ചരിത്രം മനസിലുള്ളതുകൊണ്ട് ഇതും വ്യാജ ഏറ്റുമുട്ടലാണോ എന്ന തോന്നലുണ്ടാകാം.

തെറ്റായ ഒരു നിലപാടിനെ ആരും പിന്തുണക്കില്ല. അതിനപ്പുറത്ത് മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്നത് നമ്മുടെ രാജ്യത്തോട് ചെയ്യുന്ന അനീതിയാണ്, രാജ്യസുരക്ഷയെ ബാധിക്കുന്നതുമാണ്.

യുഎപിഎ മാത്രമല്ല, ഇന്ത്യാ രാജ്യത്ത് നിലവിലുള്ള എല്ലാ കരിനിയമങ്ങളും ആരുടെ സൃഷ്ടിയാണ്? ടാഡയും പോട്ടയും മിസയും അഫ്‌സ്പയും എല്ലാം കോണ്‍ഗ്രസിന്റെ സൃഷ്ടിയാണ്. എന്‍ഐഎയുടെ ഭേദഗതി ബില്‍ അമിത് ഷാ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് എന്ത് സമീപനമാ സ്വീകരിച്ചത്? ബിജെപിയോടൊപ്പം ചേര്‍ന്ന് എന്‍ഐഎ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു. കേരളത്തിലെ 19 യുഡിഎഫ് എംപിമാര്‍ ബിജെപി യോടൊപ്പം ഒരുമിച്ച് നില്‍ക്കുകയാ ചെയ്തത്. എതിര്‍ത്ത് വോട്ട് ചെയ്തത് ഇടതുപക്ഷം മാത്രമാണ്.

ഈ കേരളത്തില്‍ യുഎപിഎ ചുമത്തി 134 കേസുകളാണ് യുഡിഎഫ് എടുത്തത്. ബോംബെറിഞ്ഞ്, സമൂഹത്തില്‍ ഭീതി സൃഷ്ടിച്ച് നടത്തിയ ആര്‍എസ്എസുകാര്‍ പ്രതികളായ കേസില്‍ എന്തു കൊണ്ട് അന്ന് യുഎപിഎ ചുമത്തിയില്ല.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 258 മാധ്യമ പ്രവര്‍ത്തകരെ ഒരുമിച്ച് പിടിച്ച് ജയിലിലിട്ട കാലമേതാ? നാടുകടത്തിയ കാലമേതാ? സ്‌നേഹലതാറെഡ്ഡി മുതല്‍ ഇങ്ങ് പെരിന്തല്‍മണ്ണയിലെ മുഹമ്മദ് മുസ്തഫ വരെ വേട്ടയാടപ്പെട്ട കാലമേതാ? എല്ലാ നിയമങ്ങളും തെറ്റായ വിധത്തില്‍ നടപ്പിലാക്കിയവരും, തെറ്റായ വിധത്തില്‍ നടപ്പിലാക്കാനായി നിയമങ്ങള്‍ സൃഷ്ടിച്ചവരുമാണ് കോണ്‍ഗ്രസ്.

ഇപ്പോള്‍, കോഴിക്കോട് 2 വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. യുഡിഎഫ് തങ്ങളുടെ പൊലീസിന് പിന്തുണ കൊടുത്തതുപോലെ, തെറ്റായ നിലപാട് സ്വീകരിച്ച പൊലീസിന് ഈ സര്‍ക്കാര്‍ പിന്തുണ കൊടുക്കില്ല.

ആ വിദ്യാര്‍ത്ഥികള്‍ യുഎപിഎ അടിസ്ഥാനത്തില്‍ കേസെടുക്കപ്പെടേണ്ടവരല്ലെങ്കില്‍, ആ തെറ്റ് പൊലീസിനെക്കൊണ്ട് തിരുത്തിക്കാനുള്ള ആര്‍ജവം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുണ്ട്. അവര്‍ തിരികെ വരിക തന്നെ ചെയ്യും. ഏതെങ്കിലും തരത്തില്‍ പിശകുണ്ടെങ്കില്‍, അതിന് ആനുപാതികമായ നിയമനടപടികള്‍ക്കേ അവര്‍ വിധേയരാകൂ.

ഇടത്പക്ഷ മുന്നണി കേരളം ഭരിക്കുമ്പോള്‍ ഒരു ഈച്ചരവാര്യര്‍ക്കും ‘എന്തിനാണ് എന്റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നതെന്ന്’ നെഞ്ചുപൊട്ടി എഴുതേണ്ടി വരില്ല. തെറ്റ് തിരുത്തുമെന്ന് പറഞ്ഞത്, വെറുതെ രാഷ്ട്രീയ നിലപാട് പ്രതിഫലിപ്പിക്കാനായി പറഞ്ഞതല്ല. യുഡിഎഫ് കാലത്ത് തെറ്റായ നിലയില്‍ ചാര്‍ജ് ചെയ്ത യുഎപിഎ കേസുകള്‍ ഒഴിവാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് എന്നതാണ് അനുഭവം.’

(എം സ്വരാജ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here