വിജയവാഡ: സാമ്പത്തിക ലാഭത്തിനായി പത്ത് പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി എന്ന ശിവയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.

2018 ഫെബ്രുവരിക്കും 2019 ഒക്ടോബറിനും ഇടയില്‍ കൃഷ്ണ, ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകളിലായി പത്ത് കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു ശിവ. ബിസിനസ് പൊളിഞ്ഞതോടെ തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ പറ്റിക്കാന്‍ ആരംഭിച്ചു.

നിധിയുടെയും അമൂല്യ രത്‌നങ്ങളുടെയും പേരിലും സ്വര്‍ണ്ണം ഇരട്ടിയാക്കിത്തരുമെന്ന വാഗ്ദാനം നല്‍കിയും ഒക്കെയായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ ആളുകളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് അടങ്ങിയ പ്രസാദം നല്‍കി അവരെ കൊല്ലുകയാണ് പതിവ്.

സ്വാഭാവിക മരണം തന്നെയാണെന്ന് വരുത്തി തീര്‍ക്കാനാണ് സയനൈഡ് തന്നെ ഉപയോഗിച്ച് കൊല നടത്തുന്നത്.

എലൂരുവില്‍ കഴിഞ്ഞ മാസം നടന്ന ഒരു ദുരൂഹമരണത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ശിവ എന്ന സീരിയല്‍ കില്ലറിലേക്ക് പൊലീസിനെ എത്തിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് എലൂരില്‍ കെ നാഗരാജു എന്ന 49 കാരനായ അധ്യാപകന്‍ മരണപ്പെട്ടു. പെട്ടെന്നുള്ള മരണത്തില്‍ വീട്ടുകാര്‍ക്കുണ്ടായ സംശയത്തില്‍ പോസ്റ്റുമോര്‍ട്ടവും നടത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ അന്വേഷണമാണ് ശിവയെ കുടുക്കിയത്.

വീട്ടില്‍ സമ്പല്‍-സമൃദ്ധി കൊണ്ടു വരുമെന്ന് വിശ്വസിക്കപ്പെടുന്ന ധാന്യം, ധനം ആകര്‍ഷിക്കുന്ന നാണയം എന്നിവ നല്‍കാമെന്ന പേരിലായിരുന്നു നാഗരാജുവിനെ ഇയാള്‍ പറ്റിച്ചത്. രണ്ടു ലക്ഷം രൂപയാണ് ഇതിനായി വാങ്ങിയെടുത്തത്.

ശിവയുടെ ഫോണിലുണ്ടായിരുന്ന കോണ്‍ടാക്റ്റുകളില്‍ പത്തോളം പേരുടെ കുടുംബാംഗങ്ങളും അവരുടെ അസ്വാഭാവിക മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചെത്തി.

തുടര്‍ന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും കൊല്ലപ്പെട്ട എല്ലാവരും സയനൈഡ് കലര്‍ന്ന പ്രസാദം കഴിച്ചാണ് മരിച്ചതെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയുമായിരുന്നു.

നിലവില്‍ നാല് പേരുടെ മരണത്തില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശിവ കൊലപ്പെടുത്തിയെന്ന് കരുതുന്ന ബാക്കി ആളുകളുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇയാള്‍ക്ക് സയനൈഡ് നല്‍കിയെന്ന് സംശയിക്കുന്ന ഷെയ്ഖ് അമീനുളള എന്നയാളും പിടിയിലായിട്ടുണ്ട്.