ആര്‍സിഇപി കരാറില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടില്ലെങ്കിലും ഒപ്പുവയ്ക്കാന്‍ സാധ്യതകള്‍ ഇനിയുമുണ്ടെന്നാണ് ബാങ്കോക്ക് ഉച്ചകോടിയുടെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മേഖലയിലെ മറ്റു നേതാക്കളും പറഞ്ഞതില്‍നിന്ന് മനസ്സിലാകുന്നത്. 2020ല്‍ കരാര്‍ അന്തിമമായി പ്രഖ്യാപിക്കുംമുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുമെന്ന് മോഡി പറഞ്ഞു. ഇന്ത്യക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് മറ്റു രാജ്യങ്ങളും വ്യക്തമാക്കി. അതിനര്‍ഥം തല്‍ക്കാലം ആശ്വാസമെങ്കിലും കാര്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നാണ്.

കരാറുമായി മുന്നോട്ടുപോകുമെന്ന് മറ്റ് 15 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരടക്കം ബഹുഭൂരിപക്ഷം ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ് കരാര്‍. ലോകത്തെ പകുതിയോളം ജനങ്ങള്‍ വസിക്കുന്ന പ്രദേശം ഉള്‍പ്പെടുന്ന ഏറ്റവും വലിയ സ്വതന്ത്രവ്യാപാര കരാര്‍. ഇതില്‍ ചേര്‍ന്നാല്‍, മേഖലാ രാജ്യങ്ങളില്‍നിന്ന് നിയന്ത്രണമൊന്നുമില്ലാതെ ചരക്കുകള്‍ ഒഴുകിയെത്തുന്നതു വഴി നമ്മുടെ കൃഷി, ചെറുകിട വ്യവസായം, പാലുല്‍പ്പാദനം, കോഴി, താറാവു വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയൊക്കെ താറുമാറാകും. തൊഴിലില്ലായ്മ ഇനിയും പെരുകും.