ട്രാന്‍സ്ഗ്രിഡ് വൈദ്യുതി പദ്ധതിക്കെതിരെ ദുരാരോപണം ആവര്‍ത്തിക്കുന്നതിലൂടെ യുഡിഎഫ് ലക്ഷ്യംവയ്ക്കുന്നത് കിഫ്ബിയെ. 46,000 കോടിയുടെ പദ്ധതിക്ക് അംഗീകാരമായതോടെ ദുരാരോപണം ഉന്നയിച്ച് നിക്ഷേപകരെ നിരുത്സാഹപ്പെടുത്താനാണ് ശ്രമം. സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടും 5000 കോടിയുടെ കിഫ്ബി പദ്ധതിയായ ട്രാന്‍സ്ഗ്രിഡിനെതിരെ ചൊവ്വാഴ്ച വി ഡി സതീശന്‍ അഴിമതി ആരോപണം ഉന്നയിച്ചു.

തെറ്റായ ആരോപണങ്ങള്‍ നിക്ഷേപകര്‍ക്ക് കിഫ്ബിയെക്കുറിച്ച് മോശം സന്ദേശം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍ പറഞ്ഞു. ട്രാന്‍സ്ഗ്രിഡ് എസ്റ്റിമേറ്റ് തുക ഉയര്‍ത്തിയതിനുപിന്നില്‍ അഴിമതിയാണെന്നാണ് പ്രധാന ആരോപണം. ഇതേവിഷയത്തില്‍ സര്‍ക്കാര്‍ പലതവണ മറുപടി പറഞ്ഞതാണ്. ഈ സഭയില്‍ത്തന്നെ മന്ത്രി എം എം മണിയും മറുപടി നല്‍കി. ബോര്‍ഡ് മുന്‍കാലങ്ങളിലെ അതേമാതൃക തന്നെയാണ് അവലംബിച്ചത്.

കേന്ദ്രസ്ഥാപനങ്ങളായ പവര്‍ഫിനാന്‍സ് കോര്‍പറേഷനും റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷനുമാണ് ടെന്‍ഡര്‍ ഏകോപിപ്പിച്ചതും തീരുമാനമെടുത്തതും.എസ്റ്റിമേറ്റില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ വര്‍ധന വരുത്തുകയാണെങ്കില്‍ റീടെന്‍ഡര്‍ ചെയ്യണമെന്ന നിബന്ധനയും പാലിച്ചു. പങ്കെടുക്കുന്ന കമ്പനികളുടെ ടേണ്‍ഓവര്‍ 500 കോടിയെന്നത് കൂടുതല്‍ കമ്പനികളെ പങ്കെടുപ്പിച്ച് 300 കോടിയാക്കി കുറച്ചു.