നവകേരളനിര്‍മാണത്തില്‍ ഗ്രന്ഥശാലകള്‍ പ്രധാനകേന്ദ്രങ്ങളായി മാാറണം: മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശത്തെയും പ്രധാനകേന്ദ്രങ്ങളായി ഗ്രന്ഥശാലാ പ്രസ്ഥാനം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാനമൂല്യങ്ങള്‍ പിന്തുടരുന്നതില്‍ മുന്‍തലമുറയുടെ പ്രവര്‍ത്തനം അതേരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനായോ എന്ന് സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. പ്രതിലോമശക്തികള്‍ ഒരിക്കലും അടങ്ങിയിരുന്നിട്ടില്ല എന്നതിലാണ് നാം ജാഗ്രത കാണിക്കേണ്ടത്. മറ്റുള്ളയിടങ്ങളിലെ ജീര്‍ണത നമ്മെ ബാധിക്കില്ല എന്ന മിഥ്യാധാരണയിലാണ് പലരും.

ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ മാനസികമായ കരുത്തുള്ള പ്രസ്ഥാനമാണ് ഗ്രന്ഥശാലാ സംഘം. പഴയ ഇരുണ്ടകാലം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കേരളത്തില്‍ ഉണ്ടായപ്പോള്‍ ഗ്രന്ഥശാലകള്‍ ഒട്ടേറെ നവോത്ഥാനസദസ്സുകള്‍ സംഘടിപ്പിച്ചു. ആ സദസ്സുകള്‍ വലിയ പ്രതികരണമുണ്ടാക്കി. ഭരണഘടന പിച്ചിച്ചീന്താന്‍ ശ്രമം നടന്നപ്പോള്‍ ഭരണഘടനാസംരക്ഷണത്തിനായി പല ഗ്രന്ഥശാലകളും നല്ല രീതിയില്‍ മുന്നിട്ടിറങ്ങി. പ്‌ളാറ്റിനം ജൂബിലി വര്‍ഷത്തില്‍ പുതിയ പന്ഥാവിലേക്കു നീങ്ങാന്‍ ഗ്രന്ഥശാലാ സംഘത്തിനു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരുലക്ഷം സ്‌കൂള്‍ ലൈബ്രറികള്‍ സ്ഥാപിക്കാനുള്ള സംരംഭത്തിന് ഗ്രന്ഥശാലകളുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നവോത്ഥാനത്തിന്റെ കാലഘട്ടത്തില്‍ വായനയ്ക്ക് രാഷ്ട്രീയമുണ്ട് എന്ന് പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്‌ളാറ്റിനം ജൂബിലി ഗ്രാന്റ് വിതരണോദ്ഘാടനം അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ലൈബ്രറി സെക്രട്ടറി എന്‍.എസ്.ഗോപാലകൃഷ്ണന് നല്‍കി മന്ത്രി നിര്‍വഹിച്ചു. മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കുള്ള ഖാദി വസ്ത്രവിതരണത്തിന്റെ ഉദ്ഘാടനം സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കേവലം വിനോദമോ നേരംകൊല്ലിയോ ആയി കാണേണ്ട ഒന്നല്ല വായനയെന്ന് തെളിയിച്ചത് ഗ്രന്ഥശാലാ പ്രസ്ഥാനമാണെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ സാമൂഹികമാധ്യമങ്ങളില്‍ ചെലവിടുന്ന സമയം വായനയിലേക്ക് അവരെ തിരിച്ചുവിടാനാകണമെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ തിരുവിതാംകൂര്‍ ഭാഷ സാഹിത്യം സംസ്‌കാരം എന്ന പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന് നല്‍കി മന്ത്രി നിര്‍വഹിച്ചു.

പിരപ്പന്‍കോട് മുരളി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.പി.സുനില്‍കുമാര്‍ എന്നിവരും സംസാരിച്ചു. ജൂബിലി സന്ദേശം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍ നല്‍കി. ഉച്ചയ്ക്ക് ശേഷം ഭരണഘടന സംരക്ഷണസദസ്സും നടന്നു. സമാപനസമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഇന്ന് (നവംബര്‍ ഏഴ്) ഉദ്ഘാടനം ചെയ്യും. വനം മന്ത്രി അഡ്വ.കെ.രാജു അധ്യക്ഷത വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here