പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് ഈ മാസം 16ന് തുടക്കമാകും; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് ഈ മാസം 16ന് തുടക്കമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരും പ്രവാസി ക്ഷേമ ബോര്‍ഡും ചേര്‍ന്ന് ഒരുക്കുന്നതാണ് പദ്ധതി. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം മാസവരുമാനം ഉറപ്പാക്കുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത.

3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരില്‍ നിന്നും സ്വീകരിക്കുകയും അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് നിക്ഷേപങ്ങള്‍ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും.

കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്തുകൊണ്ടാണ് നിക്ഷേപകര്‍ക്ക് 10% പ്രതിമാസ ഡിവിഡന്റ് നല്‍കുക. പദ്ധതിക്ക് ഈ മാസം 16ന് തൃശൂരില്‍ തുടക്കമാകുമെന്ന് പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

ആദ്യ വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള ഡിവിഡന്റ് 4-ാം വര്‍ഷം മുതല്‍ നിക്ഷേപകനും തുടര്‍ന്ന് പങ്കാളിക്കും പദ്ധതിയിലൂടെ ലഭിക്കും. നിക്ഷേപകനും കേരള സംസ്ഥാനത്തിനും ഒരുപോലെ ഗുണം ലഭിക്കുന്ന ഈ പദ്ധതി നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യുന്നതാകുമെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here