ആന്‍റോ ആന്‍റണി മതത്തിന്‍റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് അഴിമതി: ഹൈക്കോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്‍റോ ആന്‍റണി എംപി മതത്തിന്‍റെ പേരില്‍ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി.ആന്‍റൊ ആന്‍റണിയുടെ ഭാര്യ ഗ്രേസ് ആന്‍റൊ ക്രൈസ്തവ വേദികളില്‍ നടത്തിയ പ്രസംഗം മതത്തിന്‍റെ പേരില്‍ ഭിന്നതയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന വീണാ ജോര്‍ജ്ജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ കണ്ടെത്തല്‍.പരാതിയില്‍ ക‍ഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി.

ക‍ഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ആന്‍റൊ ആന്‍റണിക്കു വേണ്ടി ഭാര്യ ഗ്രേസ് ആന്‍റൊ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിക്കുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ക്രിസ്ത്യാനിയായ ഒരാള്‍ വേണം പാര്‍ലമെന്റില്‍ എത്താനെന്നും 2009ല്‍ ആന്റോ ആന്റണി തെരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെയാണെന്നുമായിരുന്നു വിവിധ വേദികളില്‍ ഗ്രേസ് ആന്‍റൊ പ്രസംഗിച്ചത്.

പ്രസംഗത്തിന്റെ സിഡിയും ഹര്‍ജിക്കാര്‍ ഹാജരാക്കിയിരുന്നു. ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയാണെന്ന് കോടതി പറ‌ഞ്ഞു.ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ 2019 ഏപ്രില്‍ ഏഴിന് തിരുവല്ല പി സി സെന്ററില്‍ നടത്തിയ പ്രസംഗം മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുന്നതാണെന്നും ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നുമാണ് ജസ്റ്റീസ് പി ബി സുരേഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

തുടര്‍ന്നാണ് ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതാണെന്നും വിചാരണ നടക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയത്.പ്രസംഗം നേരിട്ടൊ അല്ലാതെയൊ മതത്തിന്‍റെ പേരില്‍ വോട്ട് ചെയ്യണം എന്ന് ആഹ്വാനം നടത്തുന്നതാണ്.കൂടാതെ പ്രസംഗം മതത്തിന്‍റെ പേരില്‍ ഭിന്നതയുണ്ടാക്കുന്നതുമാണെന്നും കോടതി നിരീക്ഷിച്ചു.ഈ സാഹചര്യത്തില്‍ ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.ഈ മാസം 13 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News