ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ട്വന്‍റി-20 മത്സരം നാളെ രാജ്കോട്ടില്‍ നടക്കും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് 7 വിക്കറ്റിന്‍റെ വന്‍ തോല്‍വി നേരിട്ട ഇന്ത്യയ്ക്ക് നാളെ വിജയം അനിവാര്യമാണ്. സഞ്ജു സാംസണിന് നാളെ ഇന്ത്യൻ ജഴ്സിയിൽ അവസരം ലഭിക്കുമോ എന്ന കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍.

മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ടീമിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ലോകേഷ് രാഹുലിനു പകരം സഞ്ജു കളിച്ചേക്കുമെന്ന സൂചനകൾ സജീവമാണ്. ആദ്യ മത്സരത്തിൽ നിറംമങ്ങിയ സാഹചര്യത്തിലാണ് രാഹുലിനു പകരം സഞ്ജുവിനു വഴിതെളിയുന്നത്. ഖലീൽ അഹമ്മദിനു പകരം ഷാൽദുൽ താക്കൂറും ടീമിലെത്തിയേക്കും.

അതേസമയം, മഹ ചുഴലിക്കാറ്റ് മത്സരത്തിന് ഭീഷണി ഉയര്‍ത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമയുടെ നൂറാം ട്വന്‍റി-20 മത്സരമാകും രാജ്യാന്തര ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറും.