അഗാധമായ ഗർത്തത്തിന് സമീപം രണ്ട് വള്ളങ്ങളിലായി രണ്ട് പേർ മീൻ പിടിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡെർബിഷെയറിലെ ലേഡിബൗവർ അണക്കെട്ടിൽ മീൻ പിടിക്കുവനായി ഇറങ്ങിയവരാണ് ഇവർ. അണക്കെട്ടിലുള്ള അധികജലം ഡെർവന്‍റ് നദിയിലേക്ക് ഒഴുകി പോകുവാനായി നിർമിച്ച ടണലിന്‍റെ ഭാഗമാണ് ഈ ഗർത്തം.

ഏകദേശം 66 അടി താഴ്ചയുള്ള ഗർത്തത്തിന് സമീപം പെഡൽ വള്ളത്തിലാണ് ഇവർ മീൻ പിടിച്ചത്. നായയുമായുള്ള പ്രഭാത നടത്തത്തിനിറങ്ങിയ ഫ്ളോ നെയിൽസണ്‍ എന്ന യുവതിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ഗർത്തത്തോട് ഏറെയടുത്ത് ഇവർ എത്തിയെങ്കിലും പിന്നീട് ഇവർ ദിശമാറ്റി പോകുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ദൃശ്യങ്ങൾ വൈറലായി മാറിയതിനെ തുടർന്ന് അണക്കെട്ടിന്‍റെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.