കാരായി രാജനും ചന്ദ്രശേഖരനും അനുഭവിക്കുന്നത്‌ സമാനതകളില്ലാത്ത നീതിനിഷേധം: എം വി ജയരാജൻ

സമാനതകളില്ലാത്ത നീതിനിഷേധമാണ്‌ ഫസൽകേസിന്റെ പേരിൽ സിപിഐ എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അനുഭവിക്കുന്നതെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഒരു തെറ്റും ചെയ്യാതെയാണ്‌ ഇരുവരും ഏഴരവർഷമായി നാടുകടത്തപ്പെട്ടനിലയിൽ കഴിയുന്നത്‌. സാർവദേശീയമായിത്തന്നെ ഇത്തരമൊരു നീതിനിഷേധം അരങ്ങേിറിയിട്ടുണ്ടാവില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2006 ഒക്ടോബർ 22നാണ്‌ എൻഡിഎഫ്‌ പ്രവർത്തകനായിരുന്ന ഫസൽ കൊല്ലപ്പെട്ടത്. പ്രതികൾ ആർഎസ്എസുകാരായിരുന്നുവെന്ന്‌ അന്നേ ജനങ്ങൾക്കറിയാമായിരുന്നു. എൻഡിഎഫ് നേതാക്കളും ഇക്കാര്യം തുറന്നുപറഞ്ഞതാണ്‌. ഫസൽ കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആർഎസ്എസും എൻഡിഎഎഫും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതാണ് കൊലയിലേക്ക് നയിച്ചത്. സാക്ഷിമൊഴിയോ തെളിവോ ഇല്ലാതെയാണ് കാരായി രാജൻ അടക്കമുള്ളവരെ പ്രതികളാക്കിയത്.

ഹൈക്കോടതി തന്നെ ഒരു ഘട്ടത്തിൽ തെളിവുകളിൽ അവിശ്വാസം രേഖപ്പെടുത്തി. നിയമവിരുദ്ധവും അശാസ്ത്രീയവുമായ നടപടികളിലൂടെയാണ് സിബിഐ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. പോളിഗ്രാഫ്, ബ്രെയിൻമാപ്പിങ്‌ ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക്‌ തയ്യാറാണെന്ന്‌ അറിയിച്ചിട്ടും മുഖവിലയ്‌ക്കെടുത്തില്ല. പടുവിലായി മോഹനൻ വധക്കേസ്‌ അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തിയ വസ്തുതകളും തെളിവുകളും യഥാർത്ഥ പ്രതികൾ ആർഎസ്എസുകാരാണെന്നതിലേക്ക് കൃത്യമായി വിരൽചൂണ്ടുന്നു.

ആർഎസ്‌എസ്‌ പ്രവർത്തകന്റെ കുറ്റസമ്മതമൊഴി അടക്കമുള്ള വീഡിയോ രേഖകൾ സംസ്ഥാന പൊലീസ് മേധാവി സിബിഐ ഡയറക്ടർക്ക് അയച്ചുകൊടുത്തു. ക്രിമിനൽ നടപടിച്ചട്ടം 178(1) പ്രകാരം, കുറ്റപത്രം സമർപ്പിച്ച കേസിൽ പുതിയ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്തണം. ഫസലിന്റെ സഹോദരൻ തുടരന്വേഷണം ആവശ്യപ്പെടുകയും ചെയ്തതാണ്‌.

ആർഎസ്‌എസ്‌ പ്രവർത്തകന്റെ വെളിപ്പെടുത്തലിനെ തുടർന്ന്‌ ജി പവിത്രൻ, കെ പി ജിജേഷ്‌ കേസുകളിൽ കോടതി അനുമതിയോടെ പൊലീസ്‌ തുടരന്വേഷണത്തിനു നടപടി സ്വീകരിച്ചു. തൃശൂർ തൊഴിയൂർ കേസിൽ 25 വർഷത്തിനുശേഷമാണ്‌ പുതിയ വെളിപ്പെടുത്തലുണ്ടായത്‌. തുടരന്വേഷണത്തിലൂടെ യഥാർഥ പ്രതികളെ അറസ്റ്റുചെയ്‌തു. ഫസൽ കേസിലും സമാന സാഹചര്യമാണ്. എന്നാൽ സിബിഐ തുടരന്വേഷണം നടത്താൻ തയ്യാറാകുന്നില്ല.

സിപിഐ എമ്മിനോടുള്ള കേന്ദ്ര ബിജെപി സർക്കാറിന്റെ രാഷ്ട്രീയ വിരോധമാണ് ഈ നീതി നിഷേധത്തിനു കാരണം. ഒരു തെളിവുമില്ലാതെ പ്രതികളാക്കപ്പെട്ട കേസിൽ പുതിയ തെളിവുകൾ ലഭിച്ചിട്ടും അന്വേഷണ ഏജൻസി തുടരന്വേഷണത്തിനു തയ്യാറാകുന്നില്ല. ഇതിനു പുറമെ ജാമ്യവ്യവസ്ഥയുടെ പേരിലുള്ള പീഡനവും കേസ്‌ വിചാരണ നീണ്ടുപോകുന്നതും കടുത്ത നീതിനിഷേധം തന്നെ.

എട്ടു പ്രതികളിൽ ആറുപേരും ജാമ്യത്തിൽ കഴിയുമ്പോൾ രാജനും ചന്ദ്രശേഖരനും മാത്രമാണ്‌ കാരാഗൃഹത്തിലെന്ന പോലെ എറണാകുളത്തു കഴിയേണ്ടിവരുന്നത്‌. ഈ നീതിനിഷേധം പ്രതികളാക്കപ്പെട്ടവരുടെയോ സിപിഐ എമ്മിന്റെയോ മാത്രം പ്രശ്‌നമല്ലെന്നും പൊതുസമൂഹമാകെ ഏറ്റെടുക്കേണ്ടതാണെണെന്നും വ്യക്തമാക്കുന്നതാകും വ്യാഴാഴ്‌ചത്തെ ജനകീയ കൂട്ടായ്‌മയെന്ന്‌ എം വി ജയരാജൻ പറഞ്ഞു. സിപിഐ എം തലശേരി ഏരിയാ സെക്രട്ടറി എം സി പവിത്രനും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here