നാല് സഹോദരിമാര്‍ക്കും കൈപിടിച്ച് നല്‍കുക ഉത്രജന്‍; ആ പഞ്ചരത്നങ്ങളിലെ നാല് പേര്‍ ഇവരാണ്

എന്നും മലയാളികള്‍ ഓര്‍മിക്കുന്ന ആ പഞ്ചരത്നങ്ങള്‍, ഒരമ്മയുടെ വയറ്റില്‍ ഒന്നിച്ച് പിറന്ന അഞ്ച് പേര്‍. പോത്തന്‍ കോട് നന്നീട്ടുകാവില്‍ ‘പഞ്ചരത്ന’ത്തില്‍ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഏക ആണ്‍തരി ഉത്രജന്‍ എന്നിവരെ ആരും മറക്കാനിടയില്ല. ഇവരില്‍ നാല് പേര്‍ ഒരേ ദിവസം വിവാഹിതരാവുകയാണ്.

ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയിലാണ് രമാദേവിക്ക് അഞ്ചു കണ്‍മണികള്‍ പിറന്നത്. നാലു പെണ്‍മക്കള്‍ക്ക് കൂട്ടായുള്ള സഹോദരന്‍ ഉത്രജനാണ് അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തുന്നത്. ഏപ്രില്‍ അവസാനം ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് വിവാഹം.അഞ്ച് മക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാന്‍ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്. ഒന്നിച്ചു സ്‌കൂളില്‍ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച് വോട്ടു ചെയ്തതും വാര്‍ത്തകളില്‍ നിറഞ്ഞു.

1995 നവംബറില്‍ എസ്എടി ആശുപത്രിയില്‍ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു ് പ്രേംകുമാറിനും രമാദേവിയ്ക്കും മക്കള്‍ ജനിക്കുന്നത്.പിറന്നത് ഉത്രം നാളിലായതിനാല്‍ നാളു ചേര്‍ത്ത് മക്കള്‍ക്ക് പേരിട്ടു. എന്നാല്‍ കുട്ടികള്‍ക്ക് 10 വയസ്സാകും മുന്‍പേ പ്രേംകുമാറിന്റെ അപ്രതീക്ഷിത വിയോഗം രമാദേവിയെ തളര്‍ത്തി. അതിനുശേഷം രമാദേവിക്ക് ഹൃദ്രോഗം കൂടെ പിടിപെട്ടതോടെ മൂന്‍പോട്ടുളള ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമായി. പെയ്‌സ്‌മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. സഹകരണ ബാങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ജോലി കൊണ്ട് ജീവിതം വീണ്ടും ആരംഭിച്ചു. മക്കള്‍ക്ക് താങ്ങും തണലുമായി രമാദേവി എന്ന അമ്മ ജീവിച്ചു.

ഇപ്പോള്‍ അമ്മയുടെ സ്നേഹത്തണലില്‍ നിന്ന് പുത്തന്‍ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് നാല് മക്കളും. ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെഎസ് അജിത്കുമാറാണ് വരന്‍. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്‌നിഷ്യയായ ഉത്രജയെ ജീവിത സഖിയാക്കുന്നത് കുവൈത്തില്‍ അനസ്തീഷ്യാ ടെക്‌നിഷ്യന്‍ പത്തനംതിട്ട സ്വദേശി ആകാശ്. ഓണ്‍ലൈനില്‍ മാധ്യമ പ്രവര്‍ത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്സ്തീഷ്യാ ടെക്‌നീഷ്യയായ ഉത്തമയ്ക്ക് മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്് താലി ചാര്‍ത്തുന്നത്.

അമ്മയാണ് ഞങ്ങള്‍ക്ക് എല്ലാമെന്നും അമ്മയുടെ ശക്തികൊണ്ടാണ് ഇതുവരെ എത്തിയത്, ഒരുപാട് പ്രതിസന്ധികളിലൂടെയാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്, അതൊന്നും ഒരിക്കലും മറാക്കാനാകില്ലെന്നും ആ അവസ്ഥയിലും അമ്മയുടെ ആത്മധൈര്യമാണ് മൂന്നോട്ട് നയിച്ചത്. ഞങ്ങളെ വളര്‍ത്താന്‍ അമ്മ കഷ്ടതകള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും മകള്‍ ഉത്തര പറയുന്നു.

അതുപോലെ വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞങ്ങളെക്കുറിച്ചും മനസിലാക്കുന്നവര്‍ വേണമെന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും ആലോചന വരുന്നത് ഒരേസമയത്താണ്. ഒരേ ദിവസം തന്നെ വിവാഹിതരാകാനായിരുന്നു ആഗ്രഹം. എല്ലാ ആഘോഷങ്ങള്‍ക്കും ഞങ്ങള്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. കല്യാണദിവസവും എല്ലാവരും ഓരേ പോലെ തന്നെ പന്തലിലേക്ക് കയറണമെന്നാണ് ആഗ്രഹം. അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജനാണ്. അവനാണ് ഞങ്ങളുടെ ബലമെന്നും ഉത്തര.

അതേസമയം മക്കള്‍ ദൂരെ സ്ഥലങ്ങളിലേക്ക് പോകുന്നതില്‍ വിഷമമുണ്ടെന്നു പറയുകയാണ് അമ്മ. എങ്കിലും സാഹചര്യത്തോട് പൊരുത്തപ്പെടണമല്ലോ. ജീവിതത്തോട് പൊരുതിയാണ് ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ കഥയെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരുപാട് പേര്‍ താങ്ങുംതണലുമായി നിന്നിട്ടുണ്ട്. അതൊന്നും മറക്കാനാകില്ലെന്നും പറയുകയാണ് അമ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here